DeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

പെട്ടിമുടിയിൽ മരണ സംഖ്യ കൂടിയതിന് കണ്ണൻ ദേവൻ കമ്പനി കാരണമെന്ന് സർക്കാർ റിപ്പോർട്ട്

കേരളത്തെയാകെ ഞെട്ടിച്ച പെട്ടിമുടി ദുരന്തത്തിൽ രക്ഷാപ്രവർത്തനം വൈകിയതിന് കാരണം കണ്ണൻദേവൻ കമ്പനി ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് റിപ്പോർട്ട്. പെട്ടിമുടി ദുരന്തത്തെ സംബന്ധിച്ച പഠനം നടത്താൻ ഇടുക്കി ജില്ലാ കളക്ടർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ദുരന്തം നടന്നതായി കമ്പനി ഉദ്യോഗസ്ഥർ അധികൃതരെ അറിയിച്ചത് സംഭവം നടന്ന് 10 മണിക്കൂറുകൾക്ക് ശേഷമാണെന്നും ഇത് രക്ഷാപ്രവർത്തനം വൈകിയതിനു കാരണമായെന്നും, കൂടുതൽ പേരുടെ ജീവൻ ഇത് മൂലം നഷ്ടപ്പെട്ടമായെന്നും, റിപ്പോർട്ടിൽ പറയുന്നു.

പെട്ടിമുടി ദുരന്തത്തിൽ പലരും മരിച്ചത് പുലർച്ചെ നാലിനും ആറിനും ഇടയിലാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നുണ്ട്. തലേദിവസം രാത്രി 10 മണിക്ക് തന്നെ ദുരന്തത്തെ പറ്റി കണ്ണൻദേവൻ കമ്പനിയുടെ ഫീൽഡ് ഓഫീസർ, മാനേജർ എന്നിവരറിഞ്ഞിരുന്നതാണ്. എന്നാൽ ഇവർ വിവരം അധികൃതരെ അറിയിച്ചത് അടുത്ത ദിവസം രാവിലെ എട്ട് മണിയോടെ ആയിരുന്നു. നേരത്തെ വിവരം പുറംലോകത്തെത്തിയിരുന്നെങ്കിൽ ഒട്ടേറെ പേരെ രക്ഷപ്പെടുത്താമായിരുന്നുവെന്നും കണ്ണൻദേവൻ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. കണ്ണൻദേവൻ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ അനാസ്ഥയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും തോട്ടം മേഖലയിലെ ലയങ്ങളുടെ ശോചനീയാവസ്ഥകളെ സംബന്ധിച്ച് ഗൗരവമായ പഠനങ്ങൾ നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പെട്ടിമുടിയിൽ ബാക്കിയുള്ള ലയങ്ങളും അപകടഭീഷണിയിൽ തന്നെയാണെന്നും അവിടെ ഇനിയും തൊഴിലാളികുടുംബങ്ങളെ താമസിപ്പിക്കരുതെന്നും പറയുന്ന റിപ്പോർട്ടിൽ, റോഡ്, വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തതും അപകട സാധ്യത ഉള്ളതുമായ സ്ഥലങ്ങളിൽ തൊഴിലാളികളെ താമസിപ്പിക്കുകയും പണിയെടുപ്പിക്കുകയും ചെയ്യുന്ന കണ്ണൻ ദേവൻ കമ്പനിയുടെ നടപടികൾ മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോർട്ടിലുണ്ട്.

വൈകിയാണെങ്കിലും കണ്ണൻദേവൻ കമ്പനി തുടർന്നുപോരുന്ന ക്രൂരതകളിലേക്ക് വെളിച്ചം വീശുന്ന ഈ റിപ്പോർട്ട് പ്രശംസനീയമാണെന്നും വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണങ്ങൾ നടക്കണമെന്നും ‘പെൺപിള ഒരുമൈ’ നേതാവ് ഗോമതി പ്രതികരിച്ചിരിക്കുന്നത്.
പെട്ടിമുടി ദുരന്തം കേവലം പ്രകൃതി ദുരന്തമല്ലെന്നും, തൊഴിലാളികളെ അപകട മേഖലയിൽ താമസിപ്പിച്ച് മരണത്തിന് വിട്ടുകൊടുക്കുന്ന കമ്പനിയുടെ പ്രവൃത്തി മനുഷ്യക്കുരുതിക്ക് തുല്യമാണെന്നും ഗോമതി നേരത്തെ പരാജിക്കുന്നതാണ്. തോട്ടം തൊഴിലാളികളോടുള്ള അവഗണനകളിൽ പ്രതിഷേധമറിയിച്ചുകൊണ്ട്, പെട്ടിമുടി സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചതിന് ആഗസ്ത് 13 ന് ഇവർ അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കർ ഭൂമി അനധികൃതമായി കയ്യടക്കിവെച്ചിരിക്കുന്ന സ്വകാര്യ പ്ലാന്റേഷൻ കുത്തകകളാണ് തോട്ടം തൊഴിലാളികൾക്ക് സംഭവിക്കുന്ന ഈ ദുരന്തങ്ങൾക്ക് കാരണമെന്നാണ് കേരളത്തിലെ സ്വകാര്യ പ്ലാന്റേഷനുകളുടെ ഭൂമി കയ്യേറ്റത്തിനെതിരെ നിരവധി നിയമപോരാട്ടങ്ങൾ നടത്തിയ മുൻ കേരള ഗവ. റവന്യൂ പ്ലീഡർ സുശീല ഭട്ട് നേരത്തെ പ്രതികരിച്ചിരുന്നത്. പെട്ടിമുടിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരായി എന്തെങ്കിലും വിവരങ്ങൾ പുറത്തുനിന്നുവരുന്നവരോടോ മാധ്യമങ്ങളോടോ പറഞ്ഞാൽ തൊഴിലാളികളെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് കമ്പനി ഭീഷണിപ്പെടുത്തിയിരിക്കുന്നതായ ആരോപണവും ഉയർന്നിട്ടുണ്ട്.
അതേസമയം, നിലവിലെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രധാനപ്പെട്ടതാണെങ്കിലും ഇത്തരമൊരു കൂട്ടക്കുരുതിയിലേക്ക് നയിച്ചതിൽ കണ്ണൻ ദേവൻ കമ്പനിയ്ക്കും ടാറ്റയ്ക്കുമുള്ള പങ്കിന്റെ വിശദാംശങ്ങൾ ലഭ്യമാകുന്ന തരത്തിലുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഉരുൾ പൊട്ടലിനിടയാക്കുന്നതരത്തിൽ, കമ്പനി നടത്തിയിട്ടുള്ള മരം മുറിക്കലുകൾ, മണ്ണു നീക്കൽ, പരിസ്ഥിതിയെ തകർക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയും അന്വേഷണത്തിൽ വന്നിട്ടില്ല. തോട്ടം തൊഴിലാളികൾക്ക് സ്വന്തമായി ഭൂമിയും വാസയോഗ്യമായ വീടും ലഭ്യമാക്കാ തെ യാതൊരു സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ലയങ്ങളിൽ അടിമകൾക്ക് സമാനമായി കഴിയേണ്ടി വരുന്ന സാഹചര്യങ്ങളെ പറ്റിയും സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. കേരളത്തിലെ തോട്ടം തൊഴിലാളികൾ നേരിടുന്ന ഭൂരാഹിത്യമടക്കമുള്ള പ്രശ്‌നങ്ങളെക്കുറിച്ചും പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ അധിവസിക്കുന്ന അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button