പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

എറണാകുളത്തെ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പറഞ്ഞ കോടതി ഇത്തരക്കാരെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണമെന്ന് കൂടി വ്യക്തമാക്കുകയുണ്ടായി. ദുരിതാശ്വാസ നിധിയിൽ സ്‌കൂൾ കുട്ടികളുടെ വരെ സംഭാവനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒരു ന്യായീകരണവും ഇക്കാര്യത്തിൽ ഇല്ലെന്നും നിരീക്ഷിക്കുകയായിരുന്നു.
പ്രളയ തട്ടിപ്പ് കേസിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് വിഷ്ണു പ്രസാദിന് കോടതി ജാമ്യം നിഷേധിച്ചത്. പ്രളയത്തിന്റെ ദുരിതത്തിൽ പെട്ടവർക്കായുള്ള പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതിൽ തിരിമറി കാണിച്ചുവെന്നാണ് കേസ്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസിൽ വിഷ്ണു പ്രസാദിന് ജാമ്യം നൽകിയിരുന്നു. പൊലീസ് കുറ്റപത്രം നൽകാൻ വൈകിയതിനെ തുടർന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തുടർന്നാണ്ര രണ്ടാമത്തെ കേസിൽ അറസ്റ്റിലാവുന്നത്.