ശരിക്കും ‘മുഴുവട്ട്’, കൊല്ലപ്പെടുന്നതിന് മുമ്പ് മക്കള്‍ അര്‍ധ നഗ്നകളായി പൂജ; പിതാവിന്റെ മൊഴി

തന്റെ രണ്ടു മക്കളും ഏതോ മായാ വലയത്തില്‍ ആയിരുന്നുവെന്നും ഒന്നും തുറന്നു പറയുന്ന കൂട്ടത്തില്‍ ആയിരുന്നില്ലെന്നും പിതാവ്. അന്ധവിശ്വാസത്തിന്റെ പേരില്‍ പെണ്മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. കൊല്ലപ്പെട്ട മക്കളെ കുറിച്ച് പിതാവ് പുരുഷോത്തമന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്. ആറു മാസം മുന്‍പാണ് പുതുതായി പണി കഴിപ്പിച്ച മൂന്നു നില വീട്ടിലേക്ക് കുടുംബം മാറിയത്. കോവിഡ് പശ്ചാത്തലത്തില്‍ പാല് കാച്ചല്‍ ചടങ്ങ് ലളിതമായിരുന്നു. ബന്ധുക്കള്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ല. തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്.
താന്‍ ശിവന്റെ അവതാരം ആണെന്ന് മൂത്തമകള്‍ അലേഖ്യ പലതവണ പറഞ്ഞു. ഇളയവളെ മോഹിനിയാണെന്നും വിശ്വസിപ്പിച്ചു. ഒടുവില്‍ മരിക്കുന്നതിനു മുന്‍പ് ശിവനും മോഹിനിയുമായി അര്‍ദ്ധനഗ്‌നകളായി ഇരുവരും ശക്തിപൂജ നടത്തിയിരുന്നുവെന്ന് പിതാവ് പറയുന്നു. വീട്ടില്‍ പൈശാചിക ശക്തി കറങ്ങി നടക്കുന്നുവെന്ന് പറഞ്ഞ ഇളയമകള്‍ പലതവണ ആത്മഹത്യാപ്രവണ പ്രകടിപ്പിച്ചിരുന്നു.
കോളേജ് അധ്യാപകരായ ദമ്പതിമാരാണ് തങ്ങളുടെ പെണ്മക്കളെ പുനര്‍ജ്ജനിപ്പിക്കാനായി കൊലപ്പെടുത്തിയത്. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് ആഭിചാരത്തിന്റെ പേരില്‍ മാതാപിതാക്കളാല്‍ കൊല്ലപ്പെട്ടത്.
ഐ എ എസിന് പഠിക്കുന്ന മൂത്തമകള്‍ അലേഖ്യയാണ് എല്ലാത്തിനും പിന്നിലെന്ന് കൊലപ്പെടുത്തിയ അമ്മ മൊഴി നല്‍കിയിരുന്നു. അലേഖ്യയുടെ മനോഭാവം വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. താനാണ് ശിവഭഗവാനെന്നും ഇസ്‌ളാം മരിച്ച മതമാണെന്നുമൊക്കെയായിരുന്നു അലേഖ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.