വനംവകുപ്പിന്റെ പകല്‍ കൊള്ള; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍
തിരുവനന്തപുരം: ഓണച്ചെലവെന്ന പേരില്‍ ഏലം കര്‍ഷകരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിത പിരിവ് വാങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എ കെ ശശീന്ദ്രന്‍.
സിഎച്ച്ആര്‍ നിയമങ്ങള്‍ ആയുധമാക്കി കര്‍ഷകരെ ചൂഷണം ചെയ്ത് പണം പിരിവ് നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വനം വകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ & ഹെഡ് ഫോറസ്റ്റ് ഫോഴ്‌സ് പി കെ കേശവന്‍ ഐ എഫ് എസി നോട് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സേവനം ആവശ്യമെങ്കില്‍ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം പാട്ടഭൂമിയിലെ നിയമങ്ങളും മറ്റും പറഞ്ഞ് വിരട്ടിയാണ് ഉദ്യോഗസ്ഥര്‍ പണം പിരിക്കുന്നത്. ഏലക്കര്‍ഷകരെയാണ് ഉദ്യോഗസ്ഥര്‍ കൂടുതലും ചൂഷണം ചെയ്യുന്നത്.
ഔദ്യോഗിക വാഹനങ്ങള്‍ക്ക് പകരം ടാക്‌സികളിലും മറ്റുമായാണ് ഇവര്‍ കര്‍ഷകരുടെ വീടുകളില്ലെത്തുന്നത്. ഓണം, വിഷു എന്നിങ്ങനെയുള്ള എല്ലാ ആഘോഷങ്ങള്‍ക്കും കര്‍ഷകരെ വിരട്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം പിരിവുകള്‍ നടത്താറുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
വനംവകുപ്പിന്റെ പകല്‍ കൊള്ള സഹിക്കവയ്യാതെ വന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കര്‍ഷകര്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന പരാതിയും കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്.