indiaLatest NewsNationalNews

വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് സിംഹത്തെ കാണാതായതിൽ ആശങ്ക; തിരച്ചിൽ വ്യാപകമാക്കി അധികൃതർ

ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് സിംഹത്തെ കാണാതായതിൽ ആശങ്ക. ആറു വയസ്സുള്ള ‘ഷേരു’ എന്ന സിംഹത്തെ കണ്ടെത്താനുള്ള തിരച്ചിൽ നാലാം ദിവസത്തേക്കും തുടരുകയാണ്. ഡ്രോൺ ക്യാമറകളും തെർമൽ ഇമേജിങ് ഉപകരണങ്ങളും ഉപയോഗിച്ച് മൃഗശാലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ തിരച്ചിലാണ് നടക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെയുള്ള അരിണ്യർ അണ്ണാ മൃഗശാലയിലാണ് സംഭവം. ബെംഗളൂരുവിലെ ബന്നർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്ന് മൂന്നു വർഷം മുമ്പാണ് ഷേരു വണ്ടല്ലൂരിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിനെ ആദ്യമായി സഫാരി മേഖലയിൽ തുറന്നുവിട്ടത്. രാത്രിയോടെ ഭക്ഷണ സമയത്ത് ഷേരു കൂട്ടിലേക്ക് മടങ്ങിയെത്തും എന്നാണ് മൃഗശാല അധികൃതരുടെ കണക്കുകൂട്ടൽ. എന്നാൽ, അത് ഇതുവരെ കൂട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല.

മൃഗശാലയിലെ 20 ഹെക്ടർ വിസ്തൃതിയുള്ള സ്വാഭാവിക വനഭൂമിയാണ് സഫാരി മേഖലയായി ഉപയോഗിക്കുന്നത്. ഇവിടെ തുറന്നുവിടുന്ന മൃഗങ്ങളെ ജീപ്പിൽ സവാരിയെത്തുന്ന സന്ദർശകർക്ക് അടുത്തുനിന്ന് കാണാനുള്ള സംവിധാനമാണ് നിലവിലുള്ളത്. ഓരോ തവണയും രണ്ട് സിംഹങ്ങളാണ് സഫാരിക്കായി ഉൾപ്പെടുത്തുന്നത്. മുമ്പ് സഫാരിക്കായി ഉപയോഗിച്ചിരുന്ന സിംഹത്തിന് പ്രായമായതിനെ തുടർന്ന് ഷേരുവിനെ അതിന്റെ സ്ഥാനത്ത് കൊണ്ടുവന്നതാണ്.

പുതിയ പ്രദേശത്തേക്കുള്ള പരിചയക്കുറവാണ് ഷേരു കൂട്ടിലേക്കു മടങ്ങാത്തതിന് കാരണമാകാമെന്ന് മൃഗശാല അധികൃതർ പറയുന്നു. കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശമായതിനാൽ മൃഗം ഒളിച്ചാൽ കണ്ടെത്തുക ദുഷ്കരമാണെന്നും അവർ വ്യക്തമാക്കി. എന്നാൽ സഫാരി മേഖല 15 അടി ഉയരമുള്ള ഇരുമ്പ് വേലികൊണ്ട് ചുറ്റപ്പെട്ടതിനാൽ ഷേരു പുറത്തേക്ക് കടന്നിട്ടുണ്ടാകില്ലെന്നും അധികൃതർ ഉറപ്പു നൽകി. എങ്കിലും സമീപപ്രദേശങ്ങളിലെ ജനങ്ങൾക്കിടയിൽ ആശങ്ക തുടരുകയാണ്.

Tag: Concerns over missing lion from Vandalur zoo; Authorities launch extensive search

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button