സ്വാശ്രയ കോളേജിലെ നിയമന-സേവന വ്യവസ്ഥകള്‍ നിര്‍ണയിക്കുന്ന നിയമം വരുന്നു

തിരുവനന്തപുരം / കേരളത്തിൽ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമന,സേവന, വ്യവസ്ഥകൾ നിശ്ചയിക്കുന്നതിനുള്ള ബില്ലിന്‍റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി. സ്വാശ്രയ കോളേജുകളിലേക്ക് നിയമിക്കപ്പെടുന്നവര്‍, കോളേജ് നടത്തുന്ന ഏജന്‍സിയുമായി കരാര്‍ ഉണ്ടാക്കണമെന്നും, ശമ്പള സ്കെയില്‍, ഇന്‍ക്രിമെന്‍റ്, ഗ്രേഡ്, പ്രോമോഷന്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ ഉണ്ടാകണമെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു.
സ്വാശ്രയ കോളേജുകുളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ഏജന്‍സിയുടെ ഏതെങ്കിലും നടപടിക്കെതിരെ സര്‍വകലാശാലയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അധികാരമുണ്ടായിരിക്കും. സര്‍വകലാശാല സിണ്ടിക്കേറ്റ് ആയിരിക്കും പരാതിക്ക് തീർപ്പു കല്പിക്കുക. ജീവനക്കാരുടെ തൊഴില്‍ ദിനങ്ങളും ജോലി സമയവും ജോലിഭാരവും സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍ക്ക് തുല്യമായിരിക്കും. പ്രൊവിഡണ്ട് ഫണ്ട് ബാധകമായിരിക്കും. ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണം. നിയമനപ്രായവും വിരമിക്കല്‍ പ്രായവും സര്‍വകലാശാലയോ യുജിസിയോ നിശ്ചയിക്കുന്ന രീതിയിലായിരിക്കും. സ്വാശ്രയ കോളേജുകളിലെ അധ്യാപക,അനധ്യാപക ജീവനക്കാരുടെ വിവരങ്ങൾ ബന്ധപ്പെട്ട സര്‍വകലാശാലയില്‍ വിദ്യാഭ്യാസ ഏജന്‍സി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിയമം പ്രാബല്യത്തില്‍ വന്ന് മൂന്ന് മാസത്തിനകം ഇതു നടത്തണം. രജിസ്ട്രേഷന്‍ വ്യവസ്ഥകള്‍ സര്‍വകലാശാലയാണ് തീരുമാനിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്ന് 6 മാസത്തിനകം കോളേജുകളില്‍ ഇന്‍റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍, പി.ടി.എ, വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍, കോളേജ് കൗണ്‍സില്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന പരാതി പരിശോധിക്കാനുള്ള സമിതി എന്നിവ രൂപീകരിക്കേണ്ടതാണ്.