കര്‍ഷക സംഘടന നേതാവ് എന്‍.ഐ.എയുടെ ചോദ്യം ചെയ്യല്ലിന് ഹാജരാവില്ല.

ന്യൂഡൽഹി/നിരോധിത ഖലിസ്ഥാനി സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കുന്ന, ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ ചോദ്യം ചെയ്യല്ലിന് താൻ ഹാജരാവില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിങ് സിര്‍സ. ഞായറാഴ്ചയാണ് ബല്‍ദേവ് സിങ് സിര്‍സയോട് ഹാജരാകാന്‍ എൻ ഐ എ നോട്ടീസ് നല്‍കിയിരിക്കുന്നത്.
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റിയുടെ (എല്‍.ബി.ഐ.ഡബ്ല്യു.എസ്) പ്രസിഡന്റ് ആയ സിർസയോട് സിഖ്സ് ഫോർ ജസ്റ്റിസ് (എസ്.എഫ്.ജെ) എന്ന സംഘടനയ്ക്ക് എതിരായ കേസിൽ ഞായറാഴ്ച ഡൽഹിയിലെ എൻ.ഐ.എ ആസ്ഥാനത്ത് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസുമായി ബന്ധമുള്ള പഞ്ചാബ് സ്വദേശികൾക്കെതിരെ എൻ.ഐ.എ,നേരത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ചെറുകിട വ്യവസായികൾ, വിനോദ യാത്ര ബസ് ഓപ്പറേറ്റർ, കേബ്ൾ ടി.വി ഓപ്പറേറ്റർമാർ തുടങ്ങിയവർ ഉൾപ്പെടുന്നുണ്ട്. ചില മാധ്യമപ്രവർത്തകർക്കും എൻ.ജി.ഒകളിൽ പ്രവർത്തിക്കുന്നവർക്കും എൻ ഐ എ നോട്ടീസ് നൽകിയിട്ടുണ്ട്. സിഖ് ഫോർ ജസ്റ്റിസിന്റെ തലവനായ, യു.എസിൽനിന്നുള്ള ഗുർപത്വന്ത് സിങ് പന്നു, യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരംജീത് സിങ് പമ്മ, കാനഡയിലെ ഹർദീപ് സിങ് നിജ്ജാർ എന്നിവർക്കെതിരെയാണ് ഡിസംബർ 15ന് ഡൽഹിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കർഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് തന്നെ എന്‍.ഐ.എ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതെന്നാണ് ബല്‍ദേവ് സിങ് സിര്‍സ ആരോപിക്കുന്നത്. എന്നാൽ എസ്.എഫ്.ജെയെ പോലെയുള്ള ഖലിസ്ഥാനി സംഘടനകള്‍ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്കി ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ മാസങ്ങളില്‍ നിരോധിത ഖലിസ്ഥാനി സംഘടനകളിലെ അംഗങ്ങള്‍, കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലെ എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നതായും എൻ ഐ എ പറയുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എ, ഇ.ഡി, ആദായനികുതി വകുപ്പ്, സി.ബി.ഐ, എഫ്.സി.ആര്.എ വിഭാഗം എന്നിവരുടെ യോഗം ഡിസംബര്‍ 12ന് വിളിച്ചിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എസ്.എഫ്.ജെ, ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗേഴ്സ് ഫോഴ്സ് തുടങ്ങിയ സംഘടനകളുടെ ധനസഹായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാന്‍ ഈ യോഗത്തിൽ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.



