കോവിഡ് കാലത്തെ വിഷ്ണുവിന്റെ ഇലക്ട്രിക്കൽ സൈക്കിൾ നാട്ടുകാർക്ക് കൗതുകമായി.

കോവിഡ് കാലത്തെ വിഷ്ണുവിന്റെ ഇലക്ട്രിക്കൽ സൈക്കിൾ നാട്ടുകാർക്ക് കൗതുകമായി. പാലക്കാട് ജില്ലയിലെ കുത്തനൂർ കെഎസ്ഇബി ഓഫിസിലെ അപ്രന്റിസ് ആയ വിഷ്ണുവാണ് കോവിഡ് കാലത്ത് ഒരു ഇലക്ട്രിക്കൽ സൈക്കിൾ നിർമിച്ചത്. വിഷ്ണു നിർമാണത്തിന്റെ ആശയം മറ്റു ജീവനക്കാരുമായി പങ്കുവച്ചപ്പോൾ, ഓഫിസിലെ ജീവനക്കാർ ഒരു സൈക്കിൾ വിഷ്ണുവിനു നൽകുകയും തുടർന്നു ബാറ്ററി മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും വാങ്ങിച്ചു നൽകുകയുമായിരുന്നു.
ഏപ്രിലിൽ തുടങ്ങിയ വിഷ്ണുവിന്റെ ഉദ്യമം ജൂണിൽ അവസാനിച്ചപ്പോൾ സൈക്കിളും പൂർത്തിയായി. ഒറ്റ ചാർജിങ്ങിൽ 30 കിലോമീറ്റർ വരെ സൈക്കിൾ ഓടിക്കാം. ബാറ്ററി വീണ്ടും ചാർജ് ചെയ്ത് ഉപയോഗിക്കാം. സൈക്കിളിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഇ ബി ഓഫിസ് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ശാന്തകുമാരി നിർവഹിച്ചു. ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സെറീന ഭാനു, അസി.എൻജിനീയർ ഷാനവാസ്, ഓവർസീയർ പ്രമോദ്കുമാർ എന്നിവർ പങ്കെടുത്തു.