Kerala NewsLatest NewsNationalNews

മുല്ലപ്പെരിയാര്‍ ഡാം തുറന്നത് ചരിത്രദിനത്തില്‍

ഇടുക്കി: മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം മുല്ലപ്പെരിയാര്‍ ഡാം തുറന്നത് ചരിത്രദിനത്തില്‍. 135 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1886 ഒക്ടോബര്‍ 29നായിരുന്നു തിരുവിതാംകൂര്‍ മഹാരാജാവും ബ്രിട്ടീഷ് സര്‍ക്കാരും തമ്മില്‍ പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പിട്ടത്. വെള്ളിയാഴ്ച രാവിലെ 7.30നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് 138 അടി പിന്നിട്ടതോടെയാണ് രണ്ട് ഷട്ടറുകളും തുറന്നത്.

1886 ഒക്ടോബര്‍ 29നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള ‘പെരിയാര്‍ പാട്ടക്കരാര്‍’ ഒപ്പിട്ടത്. തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വി. രാമഅയ്യങ്കാറും മദിരാശി സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണുമാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. പെരിയാര്‍ നദിയുടെ പോഷകനദിയായ മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിര്‍മിച്ച് പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ച് വിടാനാണ് കരാര്‍. പെരിയാര്‍ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തിട്ടില്‍ നിന്ന് 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നാണ് കരാറില്‍ പറയുന്നത്.

ഈ വെള്ളം ഉപയോഗിക്കുന്നതിനുള്ള ജലസേചന പദ്ധതിക്കായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പൂര്‍ണ അധികാരം മദിരാശി സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നതായും കരാറില്‍ പറയുന്നു. നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചുറ്റുവട്ടത്തുള്ള 8000 ഏക്കര്‍ സ്ഥലവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 100 ഏക്കര്‍ സ്ഥലവുമാണ് പാട്ടമായി നല്‍കിയത്. പെരിയാര്‍ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിര്‍മിക്കാനുള്ള എല്ലാ അധികാരവും അവകാശവും മദിരാശി സര്‍ക്കാറിന് നല്‍കിയതായും കരാറില്‍ പറയുന്നു. 999 വര്‍ഷത്തേക്കാണ് കരാര്‍.

മദ്രാസ് സര്‍ക്കാര്‍ കരാര്‍ പുതുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വീണ്ടും 999 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കേണ്ടിവരും. പാട്ടതുകയായി വര്‍ഷത്തില്‍ ഏക്കറിന് അഞ്ച് രൂപതോതില്‍ 40,000 രൂപയാണ് തിരുവിതാംകൂറിന് നല്‍കാന്‍ നിശ്ചയിച്ചത്. വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനാണെന്നാണ് വ്യവസ്ഥ. കരാറിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ ഇരുഭാഗത്തുനിന്നുമുള്ള ഓരോ ആര്‍ബിട്രേറ്റര്‍മാരൊ അമ്പയര്‍മാരോ ഉള്‍പ്പെടുന്ന ട്രിബ്യൂണലിന് വിടാം. 1886ല്‍ കരാര്‍ ഒപ്പിട്ട് അടുത്തവര്‍ഷം 1887 സപ്തംബറില്‍ അണക്കെട്ടിന്റെ പണി തുടങ്ങി. 1896 ഫെബ്രുവരിയില്‍ പൂര്‍ത്തിയായി.

ഹൃദയരക്തം കൊണ്ട് ഒപ്പുവയ്ക്കുന്നു എന്ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ പ്രഖ്യാപിച്ചതാണ് പെരിയാര്‍ പാട്ടക്കരാര്‍. തമിഴ്‌നാട്ടിലെ വൈഗ പ്രദേശത്ത് സമൃദ്ധമായ കൃഷി നടത്താനായി കരാര്‍ ഉണ്ടാക്കിയപ്പോള്‍ തികച്ചും ഏകപക്ഷീയമായി കരാര്‍ തയ്യാറാക്കിയതിലുള്ള വേദനയാണ് മഹാരാജാവ് ജനങ്ങളുമായി പങ്കുവച്ചത്. അതേ വേദന തന്നെയാണ് ഇന്നും ഭരണാധികാരികള്‍ക്കും കേരള ജനതയ്ക്കുമുള്ളത്.

പെരിയാര്‍ പാട്ടക്കരാറിലെ എല്ലാ വ്യവസ്ഥകളും അന്നത്തെ മദ്രാസ് സര്‍ക്കാരിനനുകൂലമായിരുന്നു. 700 കോടി രൂപയുടെ വൈദ്യുതിയാണ് തമിഴ്നാട് ഈ വെള്ളം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്നത്. ഭയപ്പാട് കേരളത്തിനും. 1890ല്‍ പണിത വിക്റ്റോറിയ ഡാം അടക്കം ഇന്ത്യയില്‍ നേരത്തേ പണിത ഡാമുകളില്‍ 50 വര്‍ഷം കഴിഞ്ഞതെല്ലാം മാറ്റിപ്പണിതു. എന്നാല്‍ 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം മാത്രം തര്‍ക്കവിഷയമായി നിലനില്‍ക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button