
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. രാജ്യത്തെ മൊത്തം കൊവിഡ് മരണം 50,921 ആയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ വൈറസ് ബാധിച്ചു 941 പേരാണ് മരിച്ചത്. 57,981 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതർ ഇതോടെ 26.47 ലക്ഷം കവിഞ്ഞു. ആക്റ്റിവ് കേസുകൾ 6,76,900 ആണ്. ഞായറാഴ്ച പരിശോധിച്ചത് 7.31 ലക്ഷം സാംപിളുകളാണെന്ന് ഐസിഎംആർ വ്യക്തമാക്കി. ഇതുവരെ രോഗമുക്തരായത് 19.19 ലക്ഷം പേരും.മറ്റു പ്രമുഖ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഇന്ത്യയിൽ കുറവാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ 1.93 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്.
കോവിഡ് കേസുകളിലും മരണസംഖ്യയിലും രാജ്യത്ത് മുന്നിലുള്ള മഹാരാഷ്ട്രയിൽ മരണസംഖ്യ 20,000 പിന്നിട്ടിരിക്കുകയാണ്. 5.95 ലക്ഷം രോഗബാധിതരും 20,037 മരണവുമാണ് സംസ്ഥാനത്ത് ഇതുവരെ. തമിഴ്നാട്ടിലെ രോഗബാധിതർ 3.38 ലക്ഷവും മരണസംഖ്യ 5766ഉം. ആന്ധ്രയിൽ 2.89 ലക്ഷത്തിലെത്തി മൊത്തം രോഗബാധിതർ. 2650 പേർ സംസ്ഥാനത്ത് ഇതുവരെ മരിച്ചിട്ടുണ്ട്. നാലാം സ്ഥാനത്തുള്ള കർണാടകയിൽ 2.26 ലക്ഷമാണ് രോഗബാധിതർ. 3947 മരണം. 1.54 ലക്ഷം രോഗബാധിതരും 2449 മരണവും ഉത്തർപ്രദേശിൽ. ഡൽഹിയിലെ വൈറസ് ബാധിതർ 1.52 ലക്ഷമാണ്. 4196 പേർ ഇതുവരെ അവിടെ മരിച്ചു. പശ്ചിമ ബംഗാളിൽ 1.16 ലക്ഷം പേർക്ക് രോഗബാധയുണ്ടായിട്ടുണ്ട്. 2428 മരണമാണ് അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ലോക രാജ്യങ്ങളിൽ അമേരിക്കയും, ബ്രസീലും മെക്സിക്കോയും, കൊവിഡ് മരണസംഖ്യയിൽ ഇന്ത്യയ്ക്കു മുന്നിലുള്ളത്. യുഎസിൽ 1.73 ലക്ഷത്തിലേറെയായി മരണം. ബ്രസീലിൽ 1.07 ലക്ഷവും. മെക്സിക്കോയിൽ 56,700ലേറെ പേർ ഇതുവരെ മരണപെട്ടു. അമേരിക്കയിൽ 23 ദിവസം കൊണ്ടാണ് 50,000 മരണം ഉണ്ടായത്. ബ്രസീലിൽ 95 ദിവസം കൊണ്ടും മെക്സിക്കോയിൽ 141 ദിവസം കൊണ്ടും. ഇന്ത്യയിൽ 156 ദിവസത്തിനു ശേഷമാണ് മരണസംഖ്യ അമ്പതിനായിരത്തിലെത്തുന്നത്. ഫലപ്രദമായ ക്ലിനിക്കൽ മാനേജ്മെന്റാണ് രാജ്യത്തെ മരണനിരക്ക് കുറയ്ക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം, ഏഴു ദിവസത്തെ പ്രതിദിന കേസ് വർധനയുടെ ശരാശരിയിൽ യുഎസിനെയും ബ്രസീലിനെയും പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തായിരിക്കുകയാണ്. രോഗബാധിതർ ഒരു ലക്ഷത്തിലേറെയായ എട്ടാമത്തെ ഇന്ത്യൻ സംസ്ഥാനമായി ബിഹാർ എത്തി. 1,03,844 രോഗബാധിതരാണ് ഇതുവരെ ബിഹാറിലുള്ളത്. 461 പേർ മരിച്ചു. 72,324 പേർ രോഗമുക്തരായി.