HealthKerala NewsLatest NewsNews

ശസ്ത്രക്രിയ കഴിഞ്ഞ രോഗി കിടന്നത് ആശുപത്രി മുറ്റത്ത്

പത്തനംതിട്ട: നമ്പര്‍ വണ്‍ കേരളത്തില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് നല്‍കിയത് ഉഗ്രന്‍ പരിഗണന. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്വന്തം ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ കിടത്തിയത് ആശുപത്രി മുറ്റത്ത്. ഊന്നുകല്‍ കല്ലുംകൂട്ടത്തില്‍ സുഭാഷിന്റെ (37) ശസ്ത്രക്രിയ നടത്തിയതിനുശേഷം ഒരു ബെഡ് പോലും നല്‍കാതെ ആംബുലന്‍സിലാണ് കിടത്തിയത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ശസ്ത്രക്രിയക്ക് ശേഷമാണ് സുഭാഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് വിട്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് നിര്‍ദേശിച്ച കുത്തിവയ്പ് നല്‍കാനും പത്തനംതിട്ട ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ല. രാത്രിയിലും തങ്ങള്‍ ആശുപത്രി മുറ്റത്ത് ആംബുലന്‍സില്‍ തന്നെ കഴിയുമെന്ന് സുഭാഷിനൊപ്പമെത്തിയവര്‍ പറഞ്ഞതോടെയാണ് കിടക്ക നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. നാലുമാസം മുന്‍പ് മരത്തില്‍ നിന്നുവീണ് സുഭാഷിന്റെ കാലിന് പരിക്കേറ്റിരുന്നു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ ശസ്ത്രക്രിയ നടത്തി വീട്ടിലേക്ക് വിട്ടു. കാല്‍ പിന്നീട് പഴുത്തു. വേദന അസഹനീയമായപ്പോള്‍ കഴിഞ്ഞമാസം 25ന് വീണ്ടും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തന്നെ കൊണ്ടുവന്നു. പരിശോധനയ്ക്കുശേഷം പതിവുപോലെ കോട്ടയത്തേക്ക് പറഞ്ഞുവിട്ടു. വീണ്ടും ശസ്ത്രക്രിയ നടത്തി. കിടത്താന്‍ സ്ഥലമില്ലാത്തതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് കോട്ടയത്തുനിന്ന് വിട്ടു.

തിങ്കളാഴ്ച രാത്രി 9.30ന് പത്തനംതിട്ടയിലെത്തി. കാര്യം പറഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ കൈമലര്‍ത്തി. കിടത്താന്‍ സ്ഥലമില്ലാത്തതുകൊണ്ട് കോട്ടയത്തേക്കുതന്നെ മടക്കി കൊണ്ടുപോകാനായിരുന്നു മറുപടിയെന്ന് സുഭാഷിന്റെ ബന്ധുക്കള്‍ പറയുന്നു. ഒരുമണിക്കൂര്‍ ഇടവിട്ട് എടുക്കേണ്ട കുത്തിവെയ്പും ഇതിനിടയില്‍ മുടങ്ങി. ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ജനപ്രതിനിധികളെ ഉള്‍പ്പടെ പലരേയും ബന്ധപ്പെട്ടെങ്കിലും എല്ലാവരും കൈമലര്‍ത്തി. ഡ്യൂട്ടി ഡോക്ടര്‍ പലരേയും വിളിച്ചെങ്കിലും ഒന്നും നടന്നില്ല. ആംബുലന്‍സില്‍ തന്നെ രോഗിയുമായി രാത്രി തങ്ങുമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞതോടെയാണ് രോഗിയെ പ്രവേശിപ്പാന്‍ തയ്യാറായത്.

കാഷ്വാലിറ്റിയില്‍ നിന്ന് ഡോക്ടര്‍ ഇറങ്ങി വന്ന് എ ബ്ലോക്കിലെ സ്ത്രീകളുടെ ഏഴാം വാര്‍ഡിലേക്ക് മാറ്റി. അപ്പോള്‍ സമയം 12.30 കഴിഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ എ ബ്ലോക്കിലെ പുരുഷന്‍മാരുടെ വാര്‍ഡിലേക്ക് സുഭാഷിനെ മാറ്റി. പണ്ട് പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന്റെ ദുരവസ്ഥ പൊതുജനങ്ങളുടെ ശ്രദ്ധയില്‍കൊണ്ടുവന്നയാളെ അറസ്റ്റ് ചെയ്താണ് സര്‍ക്കാര്‍ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്.

അതിനാല്‍ ജില്ലയിലെ പല കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ മടിക്കുന്നതായും ആക്ഷേപമുണ്ട്. സാമൂഹികപ്രവര്‍ത്തകരും സന്നദ്ധ സംഘടന പ്രവര്‍ത്തകരുമെല്ലാം അതിനാല്‍ ജില്ലയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളില്‍ പ്രതികരിക്കാന്‍ പോലും ഭയപ്പെടുകയാണെന്ന ആരോപണവുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button