അസി. പ്രോട്ടോകോൾ ഓഫിസർ വിവാദമായ ഐഫോൺ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിൽ ഏൽപ്പിച്ച് തടിയൂരി.

തിരുവനന്തപുരം/ സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോകോൾ ഓഫിസർ, രാജ്യത്തെ പ്രോട്ടോകോൾ ചട്ടങ്ങൾ ലംഘിച്ച് യു എ ഇ കോൺസുലേറ്റിൽ നിന്ന് സംഭാവനയായി സ്വീകരിച്ച വിവാദമായ ഐഫോൺ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിൽ ഏൽപ്പിച്ച് തടിയൂരി. സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോകോൾ ഓഫിസർ എം.പി.രാജീവൻ ആണ് തനിക്കു യുഎഇ കോൺസുലേറ്റിൽ നിന്ന് ലഭിച്ച ഐഫോൺ പൊതുഭരണവകുപ്പ് സെക്രട്ടറിക്കു കൈമാറിയിരിക്കുന്നത്. വിദേശ കോൺസുലേറ്റിൽ നിന്ന് സഹായങ്ങളോ സംഭാവനകളോ കൈപ്പറ്റുവാൻ പാടില്ലെന്നിരിക്കെയാണ്
സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോകോൾ ഓഫിസർ തന്നെ പ്രോട്ടോകോൾ ലംഘനം നടത്തിയിരിക്കുന്നത്. രണ്ടാഴ്ച മുൻപാണ് എം.പി.രാജീവൻ ഫോൺ കൈമാറിയത്. ഫോൺ ഇപ്പോൾ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലാണുള്ളത്.
ലൈഫ് പദ്ധതിയുടെ നിർമാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ചോദിച്ചു വാങ്ങിയതായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഹൈക്കോടതിയെ അറിയിച്ചിരുന്നതാണ്. ഇതിലൊരെണ്ണം ലഭിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണെന്ന ആരോപണം ഭരണപക്ഷം ഉന്നയിക്കുകയുണ്ടായി. എന്നാൽ, കോൺസുലേറ്റിലെ പരിപാടിയിൽ പങ്കെടുത്തെന്നും ഐഫോൺ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് ഫോണ്‍ ലഭിച്ച രാജീവൻ ഉൾപ്പെടെയുള്ളവരുടെ പേര് പുറത്തുവിടുകയാണ് ഉണ്ടായത്. ഇതോടെയാണ് ചട്ട ലംഘനം നടത്തിയ പ്രോട്ടോകോൾ ഓഫീസർ ഫോൺ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിന് കൈമാറാൻ തയ്യാറായത്.
യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിലൊന്ന് ശിവശങ്കറാണ് ഉപയോഗിക്കുന്നതെന്ന് ഇതിനകം പുറത്തായിട്ടുണ്ട്. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയുടെ നിർമാണക്കരാർ കിട്ടാൻ സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം 5 ഐ ഫോണുകളാണ് സന്തോഷ് ഈപ്പൻ കമ്മീഷൻറും, കൈക്കൂലിയായും, പാരിതോഷികമായും ഒക്കെ നൽകുന്നത്. 4.48 കോടിക്ക് പുറമെയാണിത്. അതേസമയം, കോടതിയിൽ സമർപ്പിച്ച ഇൻവോയ്സിൽ അഞ്ചു ഫോണുകൾക്കു പകരം ആറെണ്ണത്തിന്റെ ഐഎംഇഐ നമ്പറുകൾ നൽക്കുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ശിവശങ്കർ ഉപയോഗിച്ചിരുന്ന 2 ഫോണുകളുടെ ഐഎംഇഐ നമ്പറുകൾ കോടതിയിൽ ഇഡി സമർപ്പിച്ചപ്പോഴാണ് അതിലൊന്നു യൂണിടാക് നൽകിയതാണെന്നു മനസിലാകുന്നത്. ഇതോടെ, ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ശിവശങ്കർ കൂടിപ്പെടുമെന്നു ഉറപ്പായിരിക്കെയാണ്, കൈയ്യിലുണ്ടായിരുന്ന ഐ ഫോൺ സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിന് പ്രോട്ടോകോൾ ഓഫീസർ കൈമാറിയിരുന്നത്.