Editor's ChoiceKerala NewsLatest NewsLocal NewsNationalNews

സർക്കാരിന്റെ പൊതുമുതൽ ഇടത് യൂണിയന് ദാനം ചെയ്യാൻ പോകുന്നു.

സംസ്ഥാന സർക്കാരിന് അവകാശപ്പെട്ട പൊതുമുതൽ ഇടത് യൂണിയന് ദാനം ചെയ്യാൻ നീക്കം നടക്കുന്നു.
കൊച്ചി നഗരത്തിലെ പാലാരിവട്ടം മെട്രോ സ്റ്റേഷനു തൊട്ടു മുൻപിൽ സ്ഥിതിചെയ്യുന്ന 2.5 കോടി വിലവരുന്ന ഭൂമിയാണ് വൈദ്യുതി ബോർഡിലെ ഇടത് യൂണിയന്റെ സൊസൈറ്റിക്കു 99 വർഷത്തേക്കു പാട്ടത്തിനു നൽകാൻ നീക്കം നടക്കുന്നത്. കലൂർ – ഇടപ്പള്ളി റോഡിലുള്ള 65 സെന്റ് സ്ഥലം ഇപ്പോൾ വൈദ്യുതി ബോർഡിന്റെ കൈവശം ആണ് ഉള്ളത്. ഈ ഭൂമിയിൽ നിന്ന് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് 5 സെന്റ് സ്ഥലം നൽകാനുള്ള നിർദേശം അടുത്ത ബോർഡ് യോഗത്തിന്റെ പരിഗണിക്കാനിരിക്കുകയാണ്. കെഎസ്ഇബി വൈദ്യുത വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ ഒരുക്കാൻ തീരുമാനിച്ച സ്ഥലത്ത് ഇപ്പോൾ ചീഫ് എൻജിനീയർ ഓഫിസ്, ഇടപ്പള്ളി, പാലാരിവട്ടം സെക്‌ഷൻ ഓഫിസുകൾ, ഇൻസ്പെക്‌ഷൻ ബംഗ്ലാവ് എന്നിവയുടെ നിർമാണം നടന്നുവരികയാണ്. ഈ കെഎസ്ഇബി ഭൂമിയോടു ചേർന്നു 13 സെന്റ് പുറമ്പോക്കും നിലവിലുണ്ട്.

65 സെന്റ് സ്ഥലത്തിൽ നിന്ന് 15 സെന്റ് സൗജന്യമായി ഓഫിസ് നിർമാണത്തിനു നൽകണമെന്ന് സൊസൈറ്റി കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു. സെന്റിന് 50 ലക്ഷം രൂപ വിലവരുന്ന സ്ഥലം സൗജന്യമായി നൽകരുതെന്ന് കെഎസ്ഇബി ലാൻഡ് കമ്മിഷണർ അന്നു ബോർഡിനു നിർദേശം നൽകിയിരുന്നതുമാണ്. ഒരിടത്തു കൊടുത്താൽ മറ്റു പല സ്ഥലങ്ങളിലും കെഎസ്ഇബി ഭൂമിക്ക് ഇതുപോലെ ആവശ്യക്കാർ വരുമെന്നും വേണ്ടത്ര ആലോചിച്ചു മാത്രമേ തീരുമാനമെടുക്കാവൂ എന്നുമായിരുന്നു ലാൻഡ് കമ്മിഷണർ ബോർഡിന്റെ ശുപാർശ. സ്ഥലം കൊടുക്കേണ്ടെന്നു ചീഫ് എൻജിനീയർ നിലപാടെടുത്തതോടെ കഴിഞ്ഞ വര്ഷം നടത്തിയ നീക്കം ചുരുട്ടികെട്ടി യൂണിയൻ കക്ഷത്ത് വെക്കുകയായിരുന്നു.

പുതിയ ലാൻഡ് കമ്മിഷണർ വന്നതോടെയാണ് വകുപ്പ് മന്ത്രിയുടെ അറിവോടെ സൊസൈറ്റി വീണ്ടും അപേക്ഷ നൽകിയിരിക്കുന്നത്. സ്ഥലം പാട്ടത്തിനു നൽകുന്നതിൽ വിരോധമില്ലെന്ന് പുതിയ ലാൻഡ് കമ്മിഷണർ ശുപാർശ ചെയ്തതായാണ് വിവരം. ശുപാർശ അഗീകാരത്തിനായി അടുത്ത ബോർഡ് യോഗത്തിൽ വരുകയാണ്. വൈദ്യുതി ബോർഡ് സമീപ ഭാവിയിൽ 3 കമ്പനികളായി വിഭജിക്കാനിരിക്കെ 99 വർഷത്തേക്കു പാട്ടത്തിനു നൽകുന്ന സ്ഥലം സൊസൈറ്റിയുടെ കൈവശമാകുമെന്നു ഉറപ്പാണ്. സ്വന്തമായി സ്ഥലം വാങ്ങി ഓഫിസ് നിർമിക്കാൻ സൊസൈറ്റി ലാഭവിഹിതത്തിൽ നിന്നു 3 കോടി രൂപ നീക്കിവച്ചിരിക്കെയാണ് ഭരണ സ്വാധീനത്തിന്റെ മറവിൽ സൗജന്യമായി ഭൂമി കൈക്കലാക്കാൻ ശ്രമം നടത്തുന്നത്. അതേസമയം, സർക്കാർ ഭൂമി 99 വർഷത്തേക്കു പാട്ടത്തിനു നൽകാൻ നിയമപരമായി ബോർഡിന് അധികാരമില്ലെന്നിരിക്കെയാണ് ഈ തന്ത്രപരമായ നീക്കം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button