എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുന്ന ബിൽ രാജ്യസഭ പാസാക്കി.

ന്യൂഡൽഹി: എംപിമാരുടെയും മന്ത്രിമാരുടേയും ശമ്പളവും അലവൻസുകളും വെട്ടിക്കുറയ്ക്കുന്നത് ശുപാർശ ചെയ്തുകൊണ്ടുള്ള ബില്ലുകൾ രാജ്യസഭയിൽ പാസാക്കി. ചൊവ്വാഴ്ച ഈ ബിൽ ലോക്സഭയും പാസാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസാന്നിധ്യത്തിൽ ആഭ്യന്തര സഹമന്ത്രിയാണ് രാജ്യസഭയിൽ ബിൽ അവതരിപ്പിപ്പിച്ചത്.കോൺഗ്രസ്, ബിജെഡി തുടങ്ങി പ്രതിപക്ഷ നിരയിലെ എല്ലാ എംപിമാരും ബില്ലിനെ പിന്തുണച്ചു. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
70 ശതമാനം അംഗങ്ങളും ശമ്പളത്തെ ആശ്രയിക്കുന്നുണ്ട്. എങ്കിലും ബില്ലിനെ അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷ മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. വികസന പദ്ധതികൾ നടപ്പാക്കാൻ എംപിഎൽഡി ഫണ്ട് പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഒരു വർഷത്തേക്കുള്ള ശമ്പളമാകും വെട്ടിക്കുറയ്ക്കുക. ഇത് സംബന്ധിച്ച ഓർഡിനൻസിന് ഏപ്രിൽ ആദ്യവാരം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അംഗീകാരമായിരുന്നു.