ഡോളർ കടത്തുകേസിൽ സംസ്ഥാന നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു.

കൊച്ചി / ഡോളർ കടത്തുകേസിൽ സംസ്ഥാന നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസ് നിയമോപദേശം തേടി. കൊച്ചിയിലെ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ (എസിജി) ഓഫിസിനോടാണു നിയമോപദേശം തേടിയത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി.വിജയകുമാറിനോട് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ,ആണ് നിയമോപദേശം തേടിയത്. സ്പീക്കറെ ചോദ്യം ചെയ്യുന്നതിനു മുമ്പായി പൂർത്തിയാക്കേണ്ട നിയമപരമായ നടപടി ക്രമങ്ങൾ എന്തെല്ലാമെന്നും,ഇക്കാര്യത്തിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ എന്നും ആണ് ആരാഞ്ഞിരിക്കുന്നത്.
സമാനമായ വിഷയത്തിൽ സുപ്രീം കോടതിയിൽനിന്നു നേരത്തെ ഉണ്ടായിട്ടുള്ള ഉത്തരവുണ്ടെന്നും ഇതു പരിശോധിച്ചശേഷം മറുപടി നൽകാമെന്നുമാണ് എസിജി ഓഫിസ് കസ്റ്റംസിനെ അറിയിച്ചത്. ഇക്കാര്യത്തിൽ കസ്റ്റംസ് കമ്മിഷണർ മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചിട്ടില്ല.
ഡോളർ കടത്തു കേസിൽ തന്നെ ചോദ്യം ചെയ്യില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസവും സ്പീക്കർ വാർത്താ സമ്മേളനത്തിൽ ആവർത്തിച്ച് പറഞ്ഞിരുന്നത്. ഇതിനിടെ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രണ്ടിലേറെ തവണ നോട്ടിസ് അയച്ച ശേഷമാണ് അയ്യപ്പൻ ചോദ്യം ചെയ്യലിന് എത്തുന്നത്.