കേരളത്തിൽ കോവിഡ് വാക്‌സിനേഷന് മുന്നോടിയായി രണ്ടാംഘട്ട ഡ്രൈ റൺ പൂര്‍ത്തിയാക്കി.

തിരുവനന്തപുരം/ കേരളത്തിൽ കോവിഡ് വാക്‌സിനേഷന് മുന്നോടിയായുള്ള രണ്ടാംഘട്ട ഡ്രൈ റൺ പൂര്‍ത്തിയാക്കി. രാവിലെ ഒന്‍പതു മുതല്‍ 11 വരെ വിവിധ ജില്ലകളിൽ 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്. ആരോഗ്യ പ്രവര്‍ത്തകരാണ് ഡ്രൈ റണില്‍ പങ്കാളികളായത്. കുത്തിവെപ്പ് ഒഴികെയുള്ള വാക്‌സിനേഷന്‍റെ എല്ലാ നടപടിക്രമങ്ങളും മോക്ഡ്രില്‍ മാതൃകയില്‍ ആവിഷ്‌കരിച്ചു കൊണ്ടായിരുന്നു ഡ്രൈ റണ്‍ നടന്നത്.
തിരുവനന്തപുരത്തും എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും പാലക്കാടും വയനാട്ടിലും ആരോഗ്യ പ്രവർത്തകരായ 75 പേര്‍ വീതം ഡമ്മി വാക്‌സിൻ സ്വീകരിച്ചു. ഇടപ്പള്ളി കിൻഡർ ആശുപത്രിയിൽ ജില്ലാ കലക്ടർ എസ്. സുഹാസ് ഡ്രൈറൺ നിരീക്ഷിക്കാനെത്തിയിരുന്നു. തൃശൂരിൽ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്‍റെ നേത്യത്വത്തിലായിരുന്നു കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടന്നത്. മലപ്പുറം ജില്ലയിൽ നിലമ്പൂർ ജില്ലാ ആശുപത്രി, ചാലിയാർ പ്രാഥമികാരോഗ്യ കേന്ദ്രം, പെരിന്തൽമണ്ണ കിംസ് അൽഷിഫ എന്നീ ആശുപത്രികളിലാണ് ഡ്രൈ റൺ നടന്നത് .ആലപ്പുഴയിൽ നാലിടത്ത് ഡ്രൈ റൺ നടന്നു. ഓരോ കേന്ദ്രങ്ങളിലും 25 പേര്‍ വീതം പങ്കെടുത്തു. ജനറൽ ആശുപത്രി സന്ദർശിച്ച് കലക്ടർ എ അലക്സാണ്ടർ പ്രവർത്തനങ്ങൾ വിലയിരുത്തുകയുണ്ടായി. കോഴിക്കോട് ജില്ലയില്‍ 5 കേന്ദ്രങ്ങളിലും, കാസർകോട് കാഞ്ഞങ്ങാട് ജില്ലാശുപത്രി, ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രം , കാസർകോട് കിംസ് ആശുപത്രി എന്നിവിടങ്ങളിൽ ഡ്രൈറണ്‍ നടന്നു. കൊല്ലത്ത് വിക്ടോറിയ ആശുപത്രി, ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ് , അഞ്ചൽ ഗവൺമെന്‍റ് ആശുപത്രി എന്നിവിടങ്ങളിലായിരുന്നു ഡ്രൈ റൺ നടന്നത്. ഡ്രൈ റണിനായി സജ്ജീകരിച്ച ആശുപത്രികളിലെല്ലാം കാത്തിരിപ്പിനും വാക്സിനേഷനും വാക്സിന്‍ സ്വീകരിച്ച ശേഷമുള്ള നിരീക്ഷണത്തിനും പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നു.