സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും.

തിരുവനന്തപുരം/ യു എ ഇ കോൺസുലേറ്റിലെ നയതന്ത്ര ബാഗേജുവഴി നടന്ന വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാണിച്ച് അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ജി.ഹരികൃഷ്ണനാണ് കസ്റ്റംസ് നോട്ടിസ് നൽകിയത്. കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യലിനായി അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹാജരാകേണ്ടത്. നയതന്ത്ര ബാഗേജ് വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില അവ്വ്യക്തത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. നേരത്തെ ഇതിനായി ഹരികൃഷ്ണറെ മൊഴി കസ്റ്റംസ് എടുത്തിരുന്നു. ബാഗേജ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഹരികൃഷ്ണന് അറിയാവുന്ന കൂടുതൽ വിവരങ്ങൾ കസ്റ്റംസിന് ആവശ്യമുണ്ട്. ഹരികൃഷ്ണന്റെ മൊഴിയിൽ പറഞ്ഞിരുന്നതിൽ നിന്നും വിരുദ്ധമായി അറസ്റ്റിലായ സ്വപ്നയടക്കമുള്ള പ്രതികളിൽ നിന്നും ചില വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. 2016 മുതൽ 2018 വരെ 11 തവണ നയതന്ത്ര ബാഗേജ് എത്തിയെന്നാണ് രേഖകളിൽ പറഞ്ഞിട്ടുള്ളതെങ്കിലും, ലോക്ഡൗൺ കാലത്ത് 23 തവണ നയതന്ത്ര ബാഗേജ് എത്തിയയെന്നാണ് കസ്റ്റംസിനു വിവരം ഉള്ളത്. ബാഗേജുകൾ എത്തുമ്പോൾ പ്രോട്ടോകോൾ ഓഫിസറെ അറിയിച്ച് വിട്ടുകിട്ടാൻ അനുവാദം വാങ്ങണമെന്നാണ് വ്യവസ്ഥ. പ്രതി സ്വപ്ന സുരേഷുമായുള്ള പ്രോട്ടോകോൾ ഓഫിസിലെ ജീവനക്കാരുടെ അടുപ്പവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.