രാജ്യത്തെ കൊവിഡ് സാഹചര്യം ഭയാനകമാണെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി/ രാജ്യത്തെ കൊവിഡ് സാഹചര്യം ഭയാനകമാണെന്ന് സുപ്രീം കോടതി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന ഡൽഹിയേയും മഹാരാഷ്ട്രയേയും സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സംസ്ഥാനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡിസംബറിൽ രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ മോശമാകുമെന്നും കോടതി വ്യക്തമാക്കി. ഡൽഹി, ഗുജറാത്ത്, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോട് കഴിഞ്ഞ രണ്ട് ദിവസത്തിന് ഇടയിൽ കൊവിഡ് രോഗികളിൽ ഉണ്ടായ വർദ്ധനവ് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾ കൊവിഡ് സാഹചര്യം സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. ജാഗ്രതയും മുൻകരുതലും നഷ്ടമായാൽ അടുത്ത മാസം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. നിലവിലുള്ള സ്ഥിതി തുടർന്നാൽ ഗുജറാത്തിലെ സ്ഥിതി കൈവിട്ടു പോകുമെന്നു നിരീക്ഷിച്ച കോടതി, വിവാഹ ചടങ്ങുകൾക്കും, ഘോഷയാത്രകൾക്കും, ഉത്സവ ചടങ്ങുകൾക്കും ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ നടപടിയെ വിമർശിച്ചു.