രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ,സരിത എസ് നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

ന്യൂഡൽഹി/ വയനാട് ലോക് സഭാ സീറ്റിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സോളാർ കേസ് പ്രതിയായിരുന്ന സരിത എസ് നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ബാലിശമായ ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ കോടതി പിഴ വിധിച്ചു. സരിതയുടെ അഭിഭാഷകർ നിരന്തരം ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ഹർജി തള്ളിയത്. ഇന്നും സരിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പരാതിക്കാരിയായ സരിത എസ് നായർക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സരിത എസ് നായർ വയനാട്ടിൽ നിന്നും എറണാകുളത്ത് നിന്നും മത്സരിക്കാനായി അപേക്ഷ നൽകിയിരുന്നുവെങ്കിലും ക്രിമിനൽ കേസിൽ പ്രതിയാണെന്നതും രണ്ട് കേസിലും ശിക്ഷ വിധി വന്നതാണെന്നും ചൂണ്ടിക്കാട്ടി നാമനിർദേശ പത്രികകൾ തള്ളപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് സരിത സുപ്രീംകോടതിയിൽ ഹർജി നൽകുന്നത്. രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തിൽ നൽകിയ പത്രിക വരണാധികാരി സ്വീകരിക്കുകയും, വയനാട്ടിലെ പത്രിക തള്ളുകയും ചെയ്ത നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സരിത ഹർജിയിൽ ആവശ്യപെട്ടിരുന്നത്.
കേസിന്റെ തുടർനടപടികൾക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചിരുന്നതാണ്. അപ്പോഴൊന്നും, പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. കോടതി നടപടികൾ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ചയും കേസ് പരിഗണിക്കുമ്പോഴും അഭിഭാഷകൻ ഉണ്ടായിരുന്നില്ല. മറ്റു കേസുകൾക്ക് ശേഷം വീണ്ടും കോടതി ഈ കേസ് വിളിച്ചപ്പോഴും അഭിഭാഷകൻ ഹാജരായില്ല. തുടർന്നാണ് ഹർജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും ചീഫ് ജസ്റ്റിസ് ഉത്തരവിടുന്നത്.