ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നു,ആധുനിക വൈദ്യ ശാസ്ത്രത്തിനു വൈറസിനെ തളക്കാൻ കഴിയുമോ,ഓക്സ്ഫോർഡ് വാക്സിന്റെ പരീക്ഷണ ഫലം പുറത്തുവരുന്നു.

ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വിവിധരാജ്യങ്ങളിൽ കോവിഡ് വാക്‌സിനായുള്ള പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രതീക്ഷകളോടെ കാത്തിരിക്കയാണ് ലോകം. ആധുനിക വൈദ്യ ശാസ്ത്രത്തിനു വൈറസിനെ തളക്കാൻ കഴിയുമോ എന്ന ആശങ്ക തുടരുന്നതിനിടെ കൊവിഡിനെതിരേ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി അസ്ട്രസെനക ഫാർമസ്യൂട്ടിക്കൽസുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത വാക്സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണത്തിന്‍റെ ഒന്നാം ഘട്ടം ഫലം തിങ്കളാഴ്ച ലാൻസെറ്റ് ജേർണൽ പ്രസിദ്ധീകരിക്കുമെന്നാണു റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് ഓക്സ്ഫോർഡിന്‍റെ വാക്സിൻ എന്നതും ശ്രദ്ധേയമാണ്.
സാർസ് കോവ് 2 , വൈറസിനെതിരേ ഇരട്ട സംരക്ഷണം നൽകുമെന്നാണ് ഓക്സ്ഫോർഡ് ഗവേഷണ വിദഗ്ധർ അഭിപ്രായപ്പെട്ടതായി ജൂലൈയിൽ റിപ്പോർട്ട് വന്നിരുന്നു. ഇതേസമയം, ഇന്ത്യയിൽ ഇതിന്‍റെ മനുഷ്യരിലുള്ള പരീക്ഷണം അടുത്ത മാസം തുടങ്ങുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ വാക്സിൽ ഇന്ത്യയിൽ പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സെറം സിഇഒ അഡാർ പൂനാവാല പ്രകടിപ്പിച്ചിട്ടുള്ളത്. ഓക്സ്ഫോർഡ് വാക്സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ബ്രസീലിൽ ആരംഭിച്ചിട്ടുണ്ട്. ലോകത്ത് 50,000 പേരിലാണ് മൂന്നാം ഘട്ടത്തിൽ വാക്സിൻ പരീക്ഷിക്കുന്നത്. ചൈനീസ് ബയോടെക് കമ്പനി സിനോവാക്കിന്‍റെ കൊവിഡ് വാക്സിൻ മൂന്നാം ഘട്ടം പരീക്ഷണവും ബ്രസീലിൽ ആരംഭിക്കുന്നുണ്ട്. അഞ്ചു ബ്രസീലിയൻ സംസ്ഥാനങ്ങളിലും തലസ്ഥാന നഗരത്തിലുമായി 9,000 പേരിലാണ് മരുന്നിന്റെ മൂന്നാം ഘട്ടം പരീക്ഷണം നടത്തുന്നത്. രോഗവ്യാപനം കൂടുതലായ രാജ്യമെന്ന നിലക്ക്, മറ്റു ചില കമ്പനികൾ കൂടി ബ്രസീൽ പരീക്ഷണ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്.