നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് വിചാരണ കോടതി.

കൊച്ചി /നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാന്‍ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രിം കോടതി നേരത്തെ നിർദേശിച്ചിരുന്നത്. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ നടന്നു വരുന്നത്.
വിചാരണക്കോടതി മാറ്റണമെന്ന വാദിഭാഗത്തിന്റെ ആവശ്യവുമായി ബദ്ധപ്പെട്ടു ഇടക്ക് കേസ് വിചാരണ നിർത്തി വെക്കേണ്ടി വന്നിരുന്നു. കോവിഡ് പ്രതിസന്ധി ഉൾപ്പടെ വന്നതോടെയാണ് കേസിന്റെ വിചാരണയ്ക്ക് ഒപ്പം കാലതാമസം ഉണ്ടായി. ഈ സാഹചര്യത്തിലാണ് കേസ് വിചാരണ പൂർത്തിയാക്കാൻ മൂന്നു മാസം കൂടി അനുവദിക്കണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ കേസിൽ ക്രോസ് വിസ്താരമാണ് പുരോഗമിക്കുന്നത്. ഇത് പൂർത്തിയായാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് വിധി പറയാനാകുമെന്നാണ് കരുതുന്നത്.
ഇതിനിടെ വിചാരണ നിർത്തിവയ്ക്കണമെന്നും പ്രതി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നും മറ്റും ആവശ്യപ്പെട്ട് പലപ്രാവശ്യം പ്രതി ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിക്കുക വഴിയും വിചാരണയ്ക്ക് തടസം ഉണ്ടായി. ദൃശ്യങ്ങൾ പ്രതിക്കും വിദഗ്ധർക്കും പരിശോധിക്കാൻ അനുവദിക്കണം എന്ന ആവശ്യം ഉയർത്തിയും കോടതിയെ സമീപിക്കുകയുണ്ടായി. ഇതൊക്കെ പരിഗണിച്ച് വിചാരണ കാലാവധി നീട്ടിത്തരണം എന്നാണ് വിചാരണ കോടതി സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്. അതേസമയം, വിചാരണ കോടതി പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാപ്പ് സാക്ഷി വിപിൻ ലാൽ സമർപിച്ച ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.