മക്കളെയും ഭാര്യയെയും ക്രൂരമായി മർദ്ദിക്കുന്ന വീഡിയോയുടെ വില്ലൻ ഒടുവിൽ പിടിയിലായി.

തിരുവനന്തപുരം/ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച മക്കളെയും ഭാര്യയെയും ക്രൂരമായി മർദ്ദിക്കുന്ന വീഡിയോയുടെ വില്ലൻ ഒടുവിൽ പിടിയിലായി. മക്കളെ ക്രൂരമായി മർദ്ദിച്ച അച്ഛനാണ് പിടിയിലായിരിക്കുന്നത്. ആറ്റിങ്ങൽ സ്വദേശി സുനിൽകുമാർ 45 ആണ് അറസ്റ്റിലായത്. ഇയാൾ മക്കളെയും ഭാര്യയെയും ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിറകെയാണ് അറസ്റ്റ് ഉണ്ടായത്. വിഡിയോയിലുള്ള ആളെ അറിയാമെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വീഡിയോ ഇടുകയായിരുന്നു. ഇതുകണ്ട് ചിലർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കുഞ്ഞുങ്ങളെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപകമായ തോതിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സുനിൽകുമാറിന്റെ ക്രൂരത പുറംലോകത്തെ അറിയിക്കാൻ കുട്ടികളുടെ അമ്മ തന്നെ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. കാണാതായ എന്തോ സാധനം കുട്ടികൾ എടുത്തുവെന്ന് ആരോപിച്ചാണ് ക്രൂരമായ മർദ്ദനം ഉണ്ടാവുന്നത്. ഞങ്ങൾ എടുത്തിട്ടില്ലെന്ന് കുട്ടികൾ കരഞ്ഞു പറയുന്നുണ്ടെങ്കിലും സുനിൽകുമാർ വീണ്ടും ഉപദ്രവിക്കുന്നതായിരുന്നു വീഡിയോ.