Latest NewsNewsWorld

യുഎഇയില്‍ വാരാന്ത്യ അവധി മാറുന്നു

അബുദാബി: യുഎഇയില്‍ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുന്നു. നിലവില്‍ വെള്ളിയും ശനിയുമാണ് അവധി. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ 3.30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 12 മണി വരെയുമായിരിക്കും പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്നിന് നിലവില്‍ വരും.

ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ ദുബായിലെയും അബുദാബിയിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ സമയക്രമത്തിലേക്ക് മാറും. രാജ്യത്തെ എല്ലാ പള്ളികളിലും ജുമുഅ നമസ്‌കാരം 1.15 മുതലായിരിക്കും നടക്കുന്നതെന്നത് കൂടി കണക്കിലെടുത്താണ് പ്രവൃത്തി സമയം ഇങ്ങനെ നിജപ്പെടുത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ വീടുകളില്‍ നിന്നു തന്നെ ജോലി ചെയ്യാവുന്ന തരത്തിലുള്ള ഇളവ് അനുവദിക്കുമെന്നും പുതിയ അറിയിപ്പിലുണ്ട്. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ആഴ്ചയില്‍ അഞ്ച് ദിവസമാണ് പ്രവൃത്തി ദിനമെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇത് നാലര ദിവസമായി കുറയും. ലോകത്തുതന്നെ ഇത്തരത്തില്‍ പ്രതിവാര പ്രവൃത്തി ദിനം അഞ്ച് ദിവസത്തില്‍ താഴെയാക്കി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button