മല ഇടിഞ്ഞുവീണു; 9 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം
കിന്നൗര്‍: ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാരത്തിനെത്തിയ 9 പേരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ദില്ലിയില്‍ നിന്ന് വിനോദയാത്രക്ക് പുറപ്പെട്ടവരാണ് മരിച്ചതെന്നാണ് വിവരം.
മലയുടെ ഒരു ഭാഗം ഇടിഞ്ഞ് ഇവര്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. സംഗ്ല താഴ്‌വരയിലാണ് അപകടമുണ്ടായത്. മലയിടിഞ്ഞതിനെ തുടര്‍ന്ന് കൂറ്റന്‍ പാറകള്‍ താഴേക്ക് പതിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.
പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയായിരുന്നു സംഘം. സംഘത്തില്‍ ഒമ്പത് പേരുണ്ടായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംഗ്ലി താഴ് വരയിലെ ബട്സേരി പാലത്തിനും കേടുപാടുകള്‍ സംഭവിച്ചു.
മഴയായതിനാല്‍ പ്രദേശത്തേക്ക് പോകരുതെന്ന് വിനോദ സഞ്ചാരികള്‍ക്ക് അധികൃതര്‍ നിര്‍ദേശം് നല്‍കിയിരുന്നു. എന്നാല്‍ അപകട മുന്നറിയിപ്പ് അവഗണിച്ചാണ് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.