വീണ്ടും ഒരു വിവാഹം കൂടി കഴിക്കുമെന്ന് പറഞ്ഞ ഭർത്താവിനെ തീർത്ത് ഭാര്യ സ്റ്റേഷനിൽ കീഴടങ്ങി.

ചെന്നൈ/ വീണ്ടും ഒരു വിവാഹം കൂടി കഴിക്കണമെന്ന ആഗ്രഹമുന്നയിച്ച ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്ന് മറുപടി കൊടുത്തു. തമിഴ്നാട്ടിലെ തൂത്തുക്കുടി സ്വദേശിയായ പ്രഭു (38) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ നേരെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കൊല്ലപ്പെട്ട പ്രഭു, ഭാര്യ ഉമാമഹേശ്വരി,ദമ്പതികൾക്ക് നാലും ഏഴും വയസ്സുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് ഉള്ളത്. തൂത്തുക്കുടിയിലെ ഒരു സ്വകാര്യ മില്ലിലെ ജോലിക്കാരനായിരുന്ന പ്രഭു, ജോലി കഴിഞ്ഞ് മദ്യപിച്ചാണ് വീട്ടിലെത്താറുള്ളത്. ഭാര്യയുമായി പ്രഭു വഴക്കുണ്ടാക്കുക പതിവായിരുന്നു. വെള്ളിയാഴ്ച്ച രാത്രി പതിവുപോലെ മദ്യപിച്ചെത്തിയ പ്രഭു ഭാര്യയുമായി വഴക്കിട്ടു. വഴക്കിനിടയിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള തീരുമാനം പ്രഭു ഉമാ മഹേശ്വരിയോട് പറയുകയുണ്ടായി. പ്രഭുവിന്റെ ബന്ധു കൂടിയായ അടുത്ത ഗ്രാമത്തിലുള്ള സ്ത്രീയെ വിവാഹം കഴിക്കുമെന്നാണ് പ്രഭു പറഞ്ഞത്.
പ്രഭു വീണ്ടും വിവാഹം കഴിക്കുമെന്ന് കേട്ട ഉമാമേശ്വരി വീട്ടിലുള്ള മടവാൾ എടുത്ത് പ്രഭുവിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ പ്രഭു സംഭവ സ്ഥലത്തു തന്നെ വീണു മരണപെട്ടു. തന്റെ കൈകൊണ്ട് ഭർത്താവ് കൊല്ലപ്പെട്ടു എന്ന് മനസ്സിലായതോടെ ഉമാമേശ്വരി കോവിൽപട്ടി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി തുടർന്ന് കീഴടങ്ങി. സ്റ്റേഷനിലെത്തിയ ഉമാ മഹേശ്വരി നടന്ന സഭാവങ്ങൾ ഒക്കെ പോലീസിനോട് പറയുകയും ഉണ്ടായി. കൊലയെപ്പറ്റി ഉമാ മഹേശ്വരി പറഞ്ഞറിഞ്ഞ പോലീസ് ഇവരുടെ വീട്ടിലെത്തിയപ്പോൾ പ്രഭുവിന്റെ രക്തത്തിൽ കുളിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഉമാമേശ്വരിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.