35 സീറ്റ് കിട്ടിയാല്‍ ഭരണമെന്ന് ആവര്‍ത്തിച്ച് കെ. സുരേന്ദ്രന്‍

കേരളം ഭരിക്കാന്‍ 35 സീറ്റു മതിയെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഒരു സീറ്റുമില്ലാത്ത പുതുച്ചേരിയില്‍ ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആകുമെങ്കില്‍ ഇവിടെയും അതിനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പോലുള്ള കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ വന്നോട്ടെയെന്ന് പറഞ്ഞ സുരേന്ദ്രന്‍ നേമത്ത് മത്സരം പക്ഷേ ബിജെപിയും സിപിഎമ്മും തമ്മിലാണെന്ന് അവകാശപ്പെട്ടു.
‘സര്‍ക്കാറുണ്ടാക്കാന്‍ ആവശ്യമായ സീറ്റ് ഞങ്ങള്‍ക്ക് കിട്ടും. 35 സീറ്റു കിട്ടിയാലും ഞങ്ങള്‍ ഗവണ്‍മെന്റുണ്ടാക്കും. അതില്‍ ഒരു സംശയവുമില്ല. ത്രിപുരയെ കുറിച്ച് എന്താണ് പറഞ്ഞത്. പുതുച്ചേരിയില്‍ ഞങ്ങള്‍ക്ക് ഒരു സീറ്റുമില്ലല്ലോ. അവിടെ ഞങ്ങള്‍ക്ക് ഗവണ്‍മെന്റുണ്ടാക്കാന്‍ കഴിയുമെങ്കില്‍ കേരളത്തിലും ഉണ്ടാക്കും. എഴുപത് ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങളെ സംബന്ധിച്ച് 30-35 സീറ്റുണ്ടെങ്കില്‍ ഗവണ്‍മെന്റുണ്ടാക്കും’ -സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തും, ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ മണ്ഡലമായ പുതുപ്പള്ളിയിലും. ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും ബിജെപി നേതാവ് അറിയിച്ചു. നേമത്ത് ആര് വിചാരിച്ചാലും പരാജയപ്പെടുത്താനാകില്ലെന്നാണ് സുരേന്ദ്രന്‍്റെ അവകാശവാദം. ഒ രാജഗോപാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ വിജയം ഉറപ്പാക്കിയെന്ന് പറയുന്ന സുരേന്ദ്രന്‍ നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്ന് ആവര്‍ത്തിച്ചു.
സ്ഥാനാര്‍ത്ഥി പട്ടിക രണ്ടു ദിവസത്തിനകം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ പട്ടിക വൈകിയിട്ടില്ല. നാമനിര്‍ദേശ പത്രിക കൊടുക്കാനുള്ള സമയമാകുമ്ബോഴേക്കും പട്ടിക പുറത്തു വരും. സ്ഥാനാര്‍ത്ഥി പട്ടിക ഒന്നോ രണ്ടോ ദിവസത്തിനകം വരും. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുണ്ടാകും. പട്ടിക തയ്യാറാക്കിയിട്ടുണ്ട് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി അനുമതി വാങ്ങേണ്ട സാങ്കേതിക തടസ്സം മാത്രമേയുള്ളൂ’ – സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു