GulfLatest NewsNationalNewsUncategorized

ബന്ധുവിന്റെ ചതിയിൽപ്പെട്ട് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ ദമ്പതിമാർ ജയിൽമോചിതരായി നാട്ടിലെത്തി

മുംബൈ: മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ ദമ്പതിമാർ ജയിൽമോചിതരായി നാട്ടിലെത്തി. മുംബൈ സ്വദേശി ഷെരീഖ് ഖുറേഷി, ഭാര്യ ഒനീബ എന്നിവരും ഒരു വയസ്സുള്ള മകൾ ആയാത്തുമാണ് വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ മുംബൈ വിമാനത്താവളത്തിൽ എത്തിയതെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ പറഞ്ഞു.

2019 ജൂലായിലാണ് ഷെരീഖ് ഖുറേഷി, ഭാര്യ ഒനീബ ഖുറേഷി എന്നിവർ മയക്കുമരുന്ന് കേസിൽ ഖത്തറിൽ പിടിയിലായത്. ഹണിമൂണിനായി ഖത്തറിലെത്തിയ ദമ്പതിമാരുടെ ബാഗിൽനിന്നും 4.1 കിലോഗ്രാം ഹാഷിഷ് പിടികൂടിയിരുന്നു. ഇതോടെയാണ് ഖത്തറിലേക്ക് ഹണിമൂണിന് പോകാൻ നിർബന്ധിച്ച ബന്ധുവിന്റെ ചതി ദമ്പതിമാർക്ക് മനസിലായത്.

ബന്ധുവായ തബ്‌സും ഖുറേഷിയുടെ നിർബന്ധപ്രകാരമാണ് ഷെരീഖും ഗർഭിണിയായിരുന്ന ഒനീബയും ഖത്തറിലേക്ക് യാത്രതിരിച്ചത്. ഖത്തറിലുള്ള സുഹൃത്തിന് നൽകാൻ ഒരു പാക്കറ്റും ബന്ധു ഇവരെ ഏൽപ്പിച്ചിരുന്നു. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ഈ പാക്കറ്റിൽ ഹാഷിഷ് ആണെന്ന് കണ്ടെത്തുകയും ദമ്പതിമാരെ പിടികൂടുകയുമായിരുന്നു. മയക്കുമരുന്ന് കേസിൽ ഖത്തറിലെ കോടതി ഇരുവരെയും 10 വർഷത്തെ തടവിന് ശിക്ഷിച്ചു.

ഇതിനിടെ, ഗർഭിണിയായിരുന്ന ഒനീബ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ജയിലിൽവെച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ചതിയിൽപ്പെട്ട് ഖത്തറിലെ ജയിലിലായതോടെ ഒനീബയുടെ മാതാവ് ഉൾപ്പെടെയുള്ളവർ ദമ്പതിമാരുടെ മോചനത്തിനായി പരിശ്രമിക്കുകയായിരുന്നു. പ്രധാനമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി എന്നിവരുടെ ഇടപെടലും നിയമപോരാട്ടത്തിന് സഹായകമായി. തുടർന്നാണ് ദമ്പതിമാരുടെ കേസ് പുനഃപരിശോധിക്കാൻ ഖത്തറിലെ സുപ്രീംകോടതി തീരുമാനിച്ചത്. ദമ്പതിമാർ ചതിക്കപ്പെട്ടതാണെന്ന് ബോധ്യമായതോടെ ഇരുവരെയും വിട്ടയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button