സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ദേശാഭിമാനി വരിക്കാരാക്കുന്നു
തിരുവനന്തപുരം: ദേശാഭിമാനിക്ക് വരിക്കാരെ ചേര്‍ക്കാന്‍ സിപിഎമ്മുകാരുടെ ഗുണ്ടാ പിരിവ്. സെക്രട്ടറിയേറ്റിലെ ജീവനക്കാരെ ദേശാഭിമാനിയുടെ നിര്‍ബന്ധിത വരിക്കാരാക്കുകയാണ് സിപിഎം അനുകൂല സംഘടന കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയന്‍. ദേശാഭിമാനി വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കേണ്ട ചുമതല പാര്‍ട്ടി ഘടകങ്ങള്‍ക്കും വര്‍ഗ- ബഹുജന സംഘടനകള്‍ക്കുമാണ്. ഓരോ സംഘടനയ്ക്കും ഘടകത്തിനും ക്വോട്ട നിര്‍ണയിച്ച് നല്‍കിയിട്ടുമുണ്ട്.
പലപ്പോഴും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെ വരിക്കാരെ ചേര്‍ക്കുന്നതും പതിവ് കാഴ്ചയാണ്. തങ്ങള്‍ക്ക് കിട്ടിയ ക്വാട്ട പൂര്‍ത്തീകരിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയന്‍. സംഗതി പഴയ വിരട്ടലും ഭീഷണിയുമൊക്കെ തന്നെ. എന്നാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന പോലെ പുതിയ പേരൊക്കെ നല്‍കിയിട്ടുണ്ട്, ദേശാഭിമാനി ചലഞ്ച്. എല്ലാ ജീവനക്കാരുടെയും വീട്ടില്‍ ദേശാഭിമാനി എന്ന ലക്ഷ്യവുമായാണ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയന്‍ ദേശാഭിമാനി ചലഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
2600 രൂപ നല്‍കി വേണം ജീവനക്കാര്‍ ദേശാഭിമാനി ചലഞ്ചിന്റെ ഭാഗമാകാന്‍. ഈ കോവിഡ് കാലത്ത് വാര്‍ഷിക വരിസംഖ്യയുമായി പൊതുജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിയാല്‍ നാട്ടുകാര്‍ ഓടിക്കും എന്നതുകൊണ്ട് പരമാവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേശാഭിമാനി വരിക്കാരാക്കാനാണ് ശ്രമം. വാര്‍ഷിക വരിസംഖ്യ, ആജീവനാന്ത വരിസംഖ്യ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ മാത്രമേ ജീവനക്കാരില്‍ നിന്നും പണം സ്വീകരിക്കുന്നുള്ളു. യൂണിയന്‍ സമ്മേളനം, സിപിഎം ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ എന്നിവയുടെ പിരിവിന് ശേഷമാണ് ദേശാഭിമാനി ചലഞ്ചെന്ന പേരില്‍ പിരിവുമായി യൂണിയന്‍ എത്തിയിരിക്കുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈന്‍ പഠനസഹായങ്ങളുടെ പേരിലും നിരവധി സംഭവനകള്‍ ഇവര്‍ നല്‍കിയിരുന്നു. ഇനി സിപിഎം ജില്ല, സംസ്ഥാന സമ്മേളനങ്ങള്‍ക്കും കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനും പ്രത്യേകം പിരിവ് നല്‍കേണ്ടി വരുമല്ലോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ദേശാഭിമാനി ചലഞ്ചും. വരിക്കാരാകാത്തവരെ ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന ഭീഷണി യൂണിയന്‍ സഖാക്കള്‍ നടത്തുന്നുണ്ട് എന്നും ആരോപണമുണ്ട്. എന്നിട്ടും വഴങ്ങാത്തവരുടെ പേര് അവരോട് തന്നെ ചോദിച്ച് രേഖപ്പെടുത്തുന്നു. പത്രം വാങ്ങിക്കാത്തവരുടെ പേര് എന്തിനാണ് എഴുതി കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.