താജ്മഹലില്‍ പ്രാര്‍ഥന നടത്തിയ മൂന്ന് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആഗ്ര: ചരിത്ര സ്മാരകമായ താജ്മഹല്‍ സമുച്ചയത്തിനുള്ളില്‍ വെച്ച് പ്രാര്‍ഥന നടത്തിയ മൂന്ന് ഹിന്ദു മഹാസഭ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. താജ്മഹല്‍ കോമ്ബൗണ്ടിനുള്ളില്‍ പ്രവേശിച്ച് ശിവ പ്രതിഷ്ഠയില്‍ പ്രാര്‍ഥന നടത്തിയതിനാണ് ഒരു സ്ത്രീയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. സ്മാരക സംരക്ഷണത്തിനായി വിന്യസിച്ച സി.ഐ.എസ്.എഫ് ജവാന്മാരാണ് മൂവരെയും പിടികൂടി പൊലീസിലേല്‍പ്പിച്ചത്. അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഉമേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. സമുച്ചയത്തിലെ സെന്‍ട്രല്‍ ടാങ്കിന് സമീപമുള്ള ബെഞ്ചിലിരുന്ന് ഹിന്ദു മഹാസഭയുടെ പ്രവിശ്യാ പ്രസിഡന്റ് മീന ദിവാകര്‍ മറ്റ് രണ്ട് പേരോടൊപ്പം പ്രാര്‍ഥിക്കാന്‍ തുടങ്ങുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ താജ്മഹലിനുള്ളിലേക്ക് കാവിക്കൊടിയുമായി അതിക്രമിച്ചു കയറിയതിന് ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. ആര്.എസ്.എസുമായി അടുത്തുനില്ക്കുന്ന സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ആഗ്ര യൂണിറ്റ് പ്രസിഡന്റ് ഗൗരവ് താക്കൂറിന്റെ നേതൃത്വത്തില്‍ അവിടെ പ്രാര്‍ഥന നടത്തുകയും ചെയ്തിരുന്നു.
‘താജ്മഹല്‍ യഥാര്‍ഥത്തില്‍ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നു. കുറച്ച് വര്‍ഷങ്ങളായി ഞാന്‍ താജ്മഹലില്‍ എത്താറുണ്ട്. അഞ്ച് തവണയെങ്കിലും ഇവിടെവച്ച് ശിവനോട് പ്രാര്ഥിച്ചിട്ടുണ്ട്. സ്മാരകം ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നതുവരെ അത് തുടരും’- ഗൗരവ് താക്കൂര്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.