മുഖ്യമന്ത്രി കസേരയിൽ കടക്കണ്ണുമായി മൂന്നു നേതാക്കൾ

ന്യൂഡൽഹി/ യു ഡി എഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി കസേരയിൽ കടക്കണ്ണുമായി മൂന്നു നേതാക്കൾ ഡൽഹിക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഡൽഹിക്ക് ഇന്ന് എത്തുന്നത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ വിലയിരുത്തുന്നതിന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം18 ന് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച ഇതിനായി ഡൽഹിയിലെത്തി. ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഞായറാഴ്ച എത്തുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ പ്രകടനം പോരാ എന്ന് ഗ്രൂപ് തല വിവാദങ്ങൾക്ക് പിറകെ ഉമ്മൻ ചാണ്ടി വീണ്ടും സജീവമായിരിക്കുകയാണ്. പിണറായിയുടെ ഭരണ കാലയളവിൽ ശക്തനായ ഒരു പ്രതിപക്ഷ നേതാവിനെ കാഴ്ച വെച്ച്, പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കുന്നതിൽ ചെന്നിത്തല വഹിച്ച പങ്കുകൾ നിർണ്ണായകമാണ്. യുവ നിരയെ തെരഞ്ഞെടുപ്പിൽ കളത്തിലിറക്കണമെന്ന യൂത്ത് കോൺഗ്രസ് ആവശ്യവും, കേന്ദ്ര നേതൃത്വം പരിഗണിക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ഹൈക്കമാൻഡിനെ പ്രതിനിധീകരിച്ച് കൂടിക്കാഴ്ചയിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയെയും സംസ്ഥാന നേതാക്കൾ കാണാൻ തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ മോശം പ്രകടനം കാഴ്ചവച്ച ജില്ലാ നേതൃത്വങ്ങളിൽ അഴിച്ചുപണി ഉണ്ടാകുമെന്നതിനു സൂചനകൾ ഉണ്ട്. സംഘടനാതലത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, നിയമസഭാ സ്ഥാനാർഥിത്വം സംബന്ധിച്ച മാനദണ്ഡങ്ങൾ എന്നിവയും ചർച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ അടിസ്ഥാനത്തിലുള്ള പ്രകടനം വിലയിരുത്തുന്ന റിപ്പോർട്ട് എഐസിസി സെക്രട്ടറിമാരായ പി. വിശ്വനാഥൻ, പി.വി. മോഹൻ, ഐവാൻ ഡിസൂസ എന്നിവർ ഹൈക്കമാൻഡിന് നേരത്തെ നൽകിയിരുന്നു.