ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകന് രണ്ടര ലക്ഷം; പൊലീസുകാരായ ഭാര്യയും കാമുകനും അറസ്റ്റിൽ

മുംബൈ: ഓട്ടോറിക്ഷ ഡ്രൈവറുടെ കൊലപാതകത്തിൽ ഭാര്യയും കാമുകനായ പൊലീസുകാരനും അറസ്റ്റിൽ. മുംബൈ വസായി പൊലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾമാരായ സ്‌നേഹാൽ, വികാസ് പാഷ്‌തെ എന്നിവരാണ് പിടിയിലായത്. വാടകക്കൊലയാളികളായ മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്.
സ്‌നേഹാലിന്റെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ പുണ്ഡാലിക് പാട്ടീലിനെ (38) ഫെബ്രുവരി 18നാണ് മുംബൈ-അഹമ്മദാബാദ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അപകട മരണമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഒരേ പൊലീസ് സ്‌റ്റേഷനിൽ ജോലിചെയ്യുന്ന സ്‌നേഹാലും വികാസും 2014 മുതൽ അടുപ്പത്തിലായിരുന്നു. വികാസ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭർത്താവ് ജോലിക്ക് പോകുന്ന സമയങ്ങളിൽ വികാസ് സ്‌നേഹാലിന്റെ വീട്ടിലെത്താറുണ്ടായിരുന്നു.
അടുത്തിടെ ഭാര്യയുടെ രഹസ്യബന്ധം പുണ്ഡാലിക് പാട്ടീൽ അറിഞ്ഞതോടെ വീട്ടിൽ വഴക്കായി. ഇതോടെ ഭർത്താവിനെ കൊലപ്പെടുത്താൻ സ്‌നേഹാൽ തീരുമാനിച്ചു. വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകന് രണ്ടര ലക്ഷം രൂപ കൈമാറി.
തുടർന്ന് വികാസിന്റെ സഹായത്തോടെ വാടക കൊലയാളികളായ മൂന്നുപേരെ ഏർപ്പാടാക്കി. സ്വപ്‌നിൽ ഗോവാറി, അവിനാഷ് ബോർ, നിശാൽ പാട്ടീൽ എന്നിവരെയാണ് ഏർപ്പാടാക്കിയത്. ഫെബ്രുവരി 18ന് മൂന്നംഗസംഘം പുണ്ഡാലികിന്റെ ഓട്ടോ വിളിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അപകടമരണമാണെന്ന് വരുത്തിതീർക്കാൻ ഓട്ടോറിക്ഷ മറിച്ചിട്ട ശേഷം മൃതദേഹം റോഡിൽ ഉപേക്ഷിക്കുകയും ചെയ്തു. സംഭവം അപകടമരണമാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ വിദഗ്ധ പരിശോധനയിൽ പുണ്ഡാലിക് മരിച്ചത് തലയ്ക്ക് അടിയേറ്റാണെന്ന് കണ്ടെത്തി.
തുടർന്ന് പുണ്ഡാലികിന്റെ ഫോണും ഓട്ടോ വിളിച്ചവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കൊലപാതക ചുരുളഴിച്ചത്. പുണ്ഡാലികിന്റെ ഫോണിലേക്ക് വന്ന അജ്ഞാത കോളുകൾക്ക് പിന്നിൽ പൊലീസുകാരനായ കാമുകൻ വികാസ് പക്ഷ്‌തെയാണെന്നും കണ്ടെത്തി. പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു.