വീണ്ടും അധികാരികളുടെ ക്രൂരത; മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ് നഗരസഭ ജീവനക്കാര്‍
തിരുവനന്തപുരം: കോവിഡ് ലംഘനം ആരോപിച്ച് സാധാരണ ജനതയോട് വീണ്ടും അധികാരികളുടെ ക്രൂരത. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ മത്സ്യകച്ചവടം നടത്തിയെന്നാരോപിച്ച് അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോണ്‍സയോടാണ് നഗരസഭ ജീവനക്കാര്‍ ക്രൂരത കാണിച്ചത്.
അല്‍ഫോണ്‍സ ആറ്റിങ്ങല്‍ അവനവന്‍ചേരിയില്‍ റോഡരികില്‍ മീന്‍ വില്ക്കുകയായിരുന്നു. പ്രോട്ടോക്കോള്‍ പാലിക്കാത്തതിനാല്‍ നഗരസഭ ഉദ്യോഗസ്ഥരെത്തി മീന്‍ കൊട്ട വലിച്ചെറിയുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ മീന്‍ വലിച്ചെറിയുന്നത് തടയാന്‍ ശ്രമിച്ച അല്‍ഫോണ്‍സയെ നഗരസഭ ജീവനക്കാര്‍ റോഡിലേക്ക് തള്ളിയിട്ടു. റോഡില്‍ വീണതോടെ അല്‍ഫോണസയ്ക്ക് പരിക്കേല്‍ക്കുയും ചെയ്തു. ഒരു കുടുംബത്തിന്റെ മുഴുവന്‍ വരുമാന മാര്‍ഗമാണ് മീന്‍ കച്ചവടം അതിനാലാണ് താന്‍ മീന്‍ വില്പന നടത്താന്‍ ശ്രമിച്ചതെന്നും അല്‍ഫോണ്‍സ പറഞ്ഞു.
അതേസമയം ലോക്ഡൗണില്‍ മീന്‍ കച്ചവടം നടത്തുന്നതുമായി നിരവധി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മീന്‍ നശിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് നഗരസഭ ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ പരിക്കുകള്ളുള്ള അല്‍ഫോണ്‍സയെ ആശുപത്രിയില്‍ ചികിത്സയിലാണ്.