CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ടിപ്പർ ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു, പ്രദീപിന്റെ അമ്മയോട് പോലീസ് മനുഷ്യത്വമില്ലായ്മ കാട്ടി.

തിരുവനന്തപുരം/ മാദ്ധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ടിപ്പർ ലോറി ഡ്രൈവറെ പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തു. ഇടിച്ച ലോറി കണ്ടെത്തി. ലോറിയുടെ ഡ്രൈവർ ജോയിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടം ഉണ്ടാകുമ്പോൾ ജോയ് ആണ് ലോറി ഓടിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. അപകടം നടക്കുമ്പോൾ മണ്ണുമായി നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്നു ജോയി എന്നും, അവിടെ മണ്ണിറക്കിയ ശേഷം വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയതെന്നുമാണ് പോലീസ് പറഞ്ഞിരിക്കുന്നത്. ഫോർട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുളള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്‌ക്കൽ വച്ച് പിടികൂടിയ ജോയിയെ നേമം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷം മൂന്നരക്കാണ് അപകടം ഉണ്ടാവുന്നത്. എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി നിർത്താതെ പോവുകയായിരുന്നു. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം വച്ചാണ് അപകടം ഉണ്ടായത്. ട്രാഫിക് സി സി ടി വി ഇല്ലാത്ത സ്ഥലം ആയിരുന്നതിനാൽ വാഹനം കണ്ടെത്താൻ കഴിയാതെ വന്നു. സമീപത്തെ കടയിലെ സി സി ടി വി ദൃശ്യം മാത്രമാണ് പൊലീസിന് സഹായകമായത്. അതിനെ അടിസ്ഥാനമാക്കിയായിരുന്നു പോലീസ് അന്വേഷണം നടന്നത്.

അതേസമയം, അപ്രതീക്ഷിതമായുണ്ടായ മകന്റെ ദേഹവിയോഗത്തിൽ തളർന്നുപോയ പ്രദീപിന്റെ അമ്മയോട് നേമം പൊലീസ് മനുഷ്യത്വമില്ലായ്മ കാട്ടി കേരള പോലീസിന്റെ തനി സ്വഭാവം എന്തെന്ന് ബോധ്യപ്പെടുത്തി. ഫോർട്ട് എ.സിയുടെ മുന്നിലെത്തി മൊഴി നൽകാൻ ആണ് പ്രദീപിന്റെ അമ്മയോട് പൊലീസ് നിർബന്ധം കാട്ടിയത്. മകന് അപകടം സംഭവിച്ചുവെന്നറിഞ്ഞതിൽ തളർന്നുപോയ ഈ അമ്മയെ വീട്ടിലെത്തി നേരിൽക്കണ്ട് മൊഴിരേഖപ്പെടുത്തുന്നതിന് പകരം കിലോമീറ്ററുകൾ ദൂരെയുള്ള പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി നൽകാൻ പൊലീസ് കാട്ടിയ നിർബന്ധ ബുദ്ധി എന്തുകൊണ്ടെന്നാണ് മനസ്സിലാകാത്തത്. കാരയ്ക്കാമണ്ഡപത്തിന് സമീപം ലോറി ഇടിച്ച് മരിച്ച ഭാരത് ലൈവ് ന്യൂസ് പോർട്ടൽ ഡയറക്ടർ പള്ളിച്ചൽ ഗോവിന്ദഭവനിൽ എസ്.വി. പ്രദീപിന്റെ അമ്മ വസന്തകുമാരിക്ക് മകനെ നഷ്ട്ടമായതിനു പിറകെ പോലീസ് നൽകിയ സമ്മാനമാണിത്.. വീട്ടിൽ കരഞ്ഞുതളർന്ന് കിടന്ന വൃദ്ധയായ അമ്മയെ നേമം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മനുഷ്യത്വ രഹിതമായ നടപടി. ഇത് പ്രദീപിന്റെ കാര്യത്തിൽ മാത്രമുണ്ടായ ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീകളെയും കുട്ടിയ്ക്കളെയും പോലീസ് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കരുതെന്ന സംസ്ഥാന ഡി ജി പി ലോക്നാഥ് ബെഹ്‌റയുടെ ഉത്തരവ് നടപ്പിലാക്കിയെന്നു സല്യൂട്ട് അടിക്കുന്ന പോലീസിന്റേതാണ് ഈ നടപടിയെന്ന് ഓർക്കണം. ജനമൈത്രി പൊലീസ് സ്റ്റേഷൻ എന്നത് ബോർഡിൽ മാത്രം ആണെന്നതിന്റെ തെളിവാണിത്. പൊലീസുകാരുടെ കുപ്പായം ഇട്ടുപോയാൽ കാരുണ്യവും ദയയും ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് ജനത്തെ പഠിപ്പിക്കുന്ന ഒരു ഉദാഹരണം കൂടിയാണിത്.

പ്രദീപിന്റെ മരണവാർത്ത വീട്ടിലറിഞ്ഞ ഉടൻ തന്നെ കേസ് അന്വേഷണത്തിനും മറ്റ് നടപടികൾക്കുമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മൊഴി ആവശ്യമായി വന്നിരുന്നതായും, ഇടിച്ച വാഹനം നിർത്താതെ പോകുകയും അപകടത്തിൽ ദുരൂഹത ഉന്നയിക്കപ്പെടുകയും ചെയ്‌തോടെ പ്രദീപിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ അറിയാവുന്ന ഒരാളുടെ മൊഴിവേണമായിരുന്നു എന്നാണ് ഇക്കാര്യത്തിൽ പോലീസ് നൽകുന്ന വിശദീകരണം. ഭാര്യയ്ക്കും അമ്മയ്ക്കും എല്ലാകാര്യങ്ങളും അറിയാമെന്ന് കരുതിയാണ് ഇവരിൽ ആരുടെങ്കിലും മൊഴി രേഖപ്പെടുത്താമെന്ന് തീരുമാനിച്ചതെന്നും പോലീസ് പറയുന്നുണ്ട്. അപകടമരണം, ആത്മഹത്യപോലുള്ള സംഭവങ്ങളിലെല്ലാം കേസെടുക്കുന്നതിന് ഉറ്റബന്ധുവിന്റെയോ സുഹൃത്തിന്റെയോ മൊഴി ആവശ്യമാണെന്നതാണ് പോലീസ് ഇതിനു നൽകിയിരിക്കുന്ന ന്യായീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button