CinemaEditor's ChoiceKerala NewsLatest NewsLocal NewsMovieNews

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിന് അമ്പിളിചേട്ടന് ഇന്ന് എഴുപതാം പിറന്നാൾ.

തിരുവനന്തപുരം/ മലയാള സിനിമ ലോകത്ത് ആരാധകരെ ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയതാരമാണ് ജഗതി ശ്രീകുമാർ. മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിന് ഇന്ന് എഴുപതാം പിറന്നാൾ. 2012 വരെ സിനിമയിൽ സജീവമായി നിന്ന് തന്റെ കഥാപാത്രങ്ങൾക്ക് തന്റേതായ രീതിയിലുള്ള വശ്യതയും മനോഹാരിതയും നൽകിയ ജഗതി ശ്രീകുമാർ ഒരു വാഹനാപകടത്തെ തുടർന്ന് താത്കാലികമായി അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയാണ്. നാടകാചാര്യനായിരുന്ന ജഗതി എൻ.കെ ആചാരിയുടെയും പൊന്നമ്മാളിന്‍റെയും മൂത്തമകനായി 1951 ജനുവരി 5 നായിരുന്നു തിരുവനന്തപുരത്തെ ജഗതിയില്‍ ശ്രീകുമാറിന്റെ ജനനം. അച്ഛന്റെ നാടകങ്ങളിലൂടെ കലാലോകത്തേക്ക് കടന്ന ജഗതി തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. മലയാളത്തിന്റെ അത്ഭുത കലാപ്രതിഭ. പകരം വെക്കാനില്ലാത്ത നടൻ. തുടങ്ങി നിരവധി വിശേഷങ്ങളാണ് ജഗതി ശ്രീകുമാറിനുള്ളത്. ഒരു കാലത്തും മറക്കാതിരിക്കാനുള്ള ഒരുപിടി നല്ല കഥാപാത്രങ്ങൾ ജഗതി ആരാധക ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാർ വെള്ളിത്തിരയിലെത്തുന്നത് അടൂർ ഭാസിയും ബഹദൂറുമൊക്കെ സജീവമായിരുന്ന സമയത്താണ്. ചിരിപ്പിച്ചും കരയിച്ചും മലയാള സിനിമയിൽ നടനമാടിയ ജഗതി, 1500 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടൂർ ഭാസിയുടെ ശിങ്കിടി പയ്യനായി ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ജഗതി അധിക നാൾ ആകുന്നതിനു മുന്നേ മലയാള ചലച്ചിത്ര ലോകം അടക്കി വാഴാൻ തുടങ്ങി. അരശുംമൂട്ടിൽ അപ്പുക്കുട്ടനായും കൃഷ്‍ണവിലാസം ഭഗീരഥൻ പിള്ളയായും കുമ്പിടിയായും ഫോട്ടോഗ്രാഫർ നിശ്ചൽ ആയും പാച്ചാളം ഭാസിയായും സർദാർ കൃഷ്ണൻ കുറുപ്പായും കെ ആൻഡ് കെ ഓട്ടോമൊബൈൽസ് പ്രൊപ്പ്രൈറ്റർ മനോഹരനായുമെല്ലാം വേഷമിട്ട ജഗതി ശ്രീകുമാർ പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു. 2011ൽ സ്വപ്നസഞ്ചാരി എന്ന ചിത്രത്തിന് മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ്‌-2009ൽ രാമാനം എന്ന ചിത്രത്തിനും -2007 ൽ പരദേശി,അറബികഥ, വീരാളിപട്ട്‌ പ്രതേക ജൂറി അവാർഡ്‌ -2002ൽ മീശ മാധവൻ, നിഴൽക്കുത്ത് എന്നീ ചിത്രങ്ങൾക്ക് മികച്ച രണ്ടാമത്തെ നടൻ ,1991ൽ കിലുക്കം, അപൂർവം ചിലർ മികച്ച രണ്ടാമത്തെ നടൻ ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്‌ ജയ്ഹിന്ദ്‌ ടി വി അവാർഡ്‌ എന്നീ പുരസ്‌കാരങ്ങൾ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനോടകം സിനിമാ രംഗത്തെ പ്രമുഖരും ആരാധകരുമുൾപ്പടെ നിരവധി പേർ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നു. നിലവിലെ കോവിഡ് സാഹചര്യത്തില്‍ വലിയ ആഘോഷങ്ങളില്ലാതെ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുകയാണ് ജഗതി. അദ്ദേഹത്തിന് മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങൾ സമൂഹമാധ്യമത്തിലൂടെ ആശംസ അറിയിച്ചു. ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് മമ്മൂട്ടിയും അമ്പിളിചേട്ടന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകള്‍ എന്ന് മോഹൻലാലും കുറിച്ചു. ജഗതിയുടെ മകളും നടിയുമായ ശ്രീലക്ഷ്മിയും പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പിതാവിനൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ശ്രീലക്ഷ്മി ആശംസയുമായെത്തിയിരിക്കുന്നത്. ‘പിറന്നാളാശംസകൾ പപ്പാ, ഐ ലവ് യൂ…മിസ് യൂ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ജഗതി ശ്രീകുമാറിന്റെയും കലയുടെയും മകൾ ആണ് ശ്രീലക്ഷ്മി. 2012 ജഗതിക്കുണ്ടായ ദുരന്തം വിങ്ങലോടെയാണ് വെള്ളിത്തിര കേട്ടത്. 2012 മാർച്ച് 10 ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റിയിരുന്നു. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല. എത്രയും പെട്ടെന്ന് പൂർവാധികം ശക്തിയോടെ പ്രേക്ഷകരുടെ അമ്പിളിച്ചേട്ടൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകലോകം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button