പാലത്തായി പീഡന കേസില്‍ ക്രൈം ബ്രാഞ്ചും,സർക്കാരും ഇരയെ തള്ളി, പ്രതിക്കൊപ്പം.

ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ബി ജെ പി നേതാവ് കൂടിയായ അദ്ധ്യാപകൻ പ്രതിയായ പാലത്തായി പീഡന കേസില്‍ ക്രൈം ബ്രാഞ്ചും, സംസ്ഥാന സർക്കാരും പ്രതിക്കൊപ്പം. ലോക്കൽ പോലീസ് അന്വേഷണം നടത്തിയ പോക്‌സോ കേസിലെ പാളിച്ചകളും, തുടർന്ന് കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്ത് സോഷ്യൽ മീഡിയ വഴി നടത്തിയ വെളിപ്പെടുത്തലുകളെയും തുടർന്ന്അന്വേഷണത്തിലെ പാളിച്ചകൾ മറക്കാനും ഉദ്യോഗസ്ഥന്മാരെ രക്ഷിക്കാനുമായി കേസിനെ വഴി തിരിക്കുകയാണെന്നു വേണം പറയാൻ.
ബി.ജെ.പി നേതാവായ അദ്ധ്യാപകന്‍ പ്രതിയായ പാലത്തായി പീഡന കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് ക്രൈം ബ്രാഞ്ച് ഇരക്കെതിരായി ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. ഇരയായ പെണ്‍കുട്ടി കള്ളം പറയുകയാണെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോ ടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉണ്ടാകാത്ത നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവും ആക്ഷന്‍ കമ്മിറ്റിയും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് പ്രതിക്ക് അനുകൂല നിലപാടുമായി പൊലീസ് വീണ്ടും രംഗത്തു വരുന്നത്.
അതേസമയം, കേസന്വേഷണത്തിൽ ഉണ്ടായ പാളിച്ചകളെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. നേരത്തേ ലോക്കൽ പൊലീസ് ചുമത്തിയ പോക്‌സോ വകുപ്പ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഒഴിവാക്കിയതോടെയാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാവുന്നത്. കേസ് മൊത്തം കെട്ടിച്ചമച്ചതാണ് എന്ന നിലപാടാണ് അന്വേഷണ സംഘത്തിന് ഉള്ളത്. പെണ്‍കുട്ടി പലതും സങ്കല്പിച്ച് പറയുന്ന സ്വഭാവക്കാരിയാണെന്നും പീഡന പരാതിയിലെ കാര്യങ്ങള്‍ ഭാവന മാത്രമാണെന്നുമാണ് ക്രൈംബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. അന്വേഷണത്തിൽ പലതും കണ്ടെത്താനായതുമില്ല. ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ വാദം തള്ളിയ സ്പെഷല്‍ ഗവ. പ്ലീഡര്‍ സുമന് ചക്രവര്‍ത്തി, പ്രതി ജാമ്യത്തിന് അര്‍ഹനാണെന്ന വാദവുമായി മറുഭാഗം ചേരുകയായിരുന്നു.
ക്രൈം ബ്രാഞ്ചിന് പിറകെ ഗവ. പ്ലീഡര്‍ കൂടി നിലപാട് മാറ്റിയതോടെ സർക്കാർ നിലപാട് കൂടി പ്രതിക്ക് അനുകൂലമായിരിക്കുകയാണ്.
കേസുമായി ബന്ധപെട്ടു ക്രൈംബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്ത് നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിറകെ കേസന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ഇരയുടെ മാതാവ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല.