9 മുതല്‍ എല്ലാ കടകളും തുറക്കും – വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: ഒമ്പത് മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയമെന്നും അദ്ദേഹം പറഞ്ഞു.
9-ാം തിയതി മുതല്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും പ്രശ്ന പരിഹാരം കാണാന്‍ സര്‍ക്കാരിന് ആവശ്യത്തിന് സമയം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക്ഡൗണിന് എതിരെ വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റി. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍് നിയന്ത്രണ രീതിക്ക് ബദലായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ സമിതി ഇന്ന് സമര്‍പ്പിക്കും. നിലവിലെ നിയന്ത്രണ രീതിയില്‍ മാറ്റം വരുത്തി മൈക്രോ കണ്ടെയ്മെന്റ്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും നിര്‍ദേശം. രോഗവ്യാപനം ഇല്ലാത്ത സ്ഥലങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുകാന് അനുമതി നല്‍കുക എന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.
വാരാന്ത്യ ലോക്ഡൗണ്‍് പിന്‍വലിക്കാനും ശുപാര്‍ശയുണ്ടാകും. അതേസമയം ഇളവുകള്‍ നല്‍കുന്നതിനെതിരെയുളള കേന്ദ്രത്തിന്റെ നിലപാടും സര്‍ക്കാര്‍ പരിഗണിക്കും. ഇതു സംബന്ധിച്ച് നാളെ ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് എതിരായ പ്രതിഷേധവും, ഓണക്കാലവും കണക്കിലെടുത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് സാധ്യത.