Latest News

തട്ടികൊണ്ട് പോകല്‍ നാടകം കളിച്ച മൂന്ന് അംഗ സംഘത്തിന് പിന്നാലെ പാഞ്ഞ് നാട്ടുകാരും പൊലീസും, സത്യമറിഞ്ഞപ്പോള്‍ ഞെട്ടി

അടിമാലി: മയക്കുമരുന്ന് ലഹരിയില്‍ തട്ടികൊണ്ട് പോകല്‍ നാടകം കളിച്ച മൂന്ന് അംഗ സംഘത്തെ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയുടെയും വെള്ളത്തൂവല്‍ സ്വദേശി ജോജി (35). ആലപ്പുഴ സ്വദേശി പ്രവീണ്‍ രാജ് (34) എന്നിവരുടെ പേരിലും പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു. നാടകം കളിച്ച മൂന്ന് അംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. അടിമാലി കല്ലാര്‍ ഭാഗത്തായിരുന്നു സംഭവം.

സംഭവം ഇങ്ങനെ..

ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘം വെള്ളിയാഴ്ച്ച മൂന്നാറിലെത്തി. ഇവര്‍ കുരിശുപാറ ഭാഗത്തെ റിസോര്‍ട്ടില്‍ റൂം എടുത്തു. ശനിയാഴ്ച്ച രാത്രി 9ന് രണ്ട് പുരുഷന്‍മാരും യുവതിയും കാറില്‍ അടിമാലിക്ക് സാധനങ്ങള്‍ വാങ്ങാന്‍ വരികയായിരുന്നു. കല്ലാര്‍ ഭാഗത്ത് എത്തിയപ്പോള്‍ കാറില്‍ ഉണ്ടായിരുന്ന യുവതി ഇവര്‍ തന്നെ തട്ടികൊണ്ട് പോകുന്നതായി നാട്ടുകാരോട് വിളിച്ച് പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപത്തെ വര്‍ക്ക്ഷോപ്പ് നടത്തിപ്പുകാര്‍ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചു. വാഹനത്തെ പിന്‍തുടര്‍ന്ന് സംഘത്തെ പിടികൂടി. യുവതിയും യുവാക്കളും മയക്കുമരുന്ന് ലഹരിയിലാണെന്നും കണ്ടെത്തി. സംഭവം അറിഞ്ഞ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ യുവതിയുടെ ലഹരി വിട്ടു. തങ്ങള്‍ സുഹൃത്തുക്കളാണെന്നും തങ്ങളെ വിട്ടയ്ക്കണം എന്നാവശ്യപ്പെട്ട് യുവതി പൊലീസിനോട് തട്ടി കയറി.

തട്ടിക്കൊണ്ട് പോകുന്നെന്ന് താന്‍ ലഹരിയില്‍ പറഞ്ഞതാണെന്നായിരുന്നു യുവതിയുടെ മൊഴി. പൊലീസ് റിസോര്‍ട്ടില്‍ എത്തി ഇവര്‍ ഒരുമിച്ച് വന്നതാണെന്ന് മനസിലായപ്പോള്‍ ജാമ്യം നല്‍കി വിട്ടയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button