Latest NewsNationalNewsWorld

ചൈനയെ നേരിടാന്‍ ത്രിശൂലവും വജ്രായുധവും

ന്യൂഡല്‍ഹി: തങ്ങളുടെ പാരമ്പര്യ രീതിയില്‍ ആക്രമിക്കുന്ന അതേ രീതിയില്‍ ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ ഇന്ത്യയും. ഇന്ത്യന്‍ അതിര്‍ത്തിയില്‍ താവളമടിച്ചിരിക്കുന്ന ചൈനീസ് സൈന്യം കമ്പിവടികളും ടേസറുകളും ഉപയോഗിച്ച് ആക്രമണം നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ത്രിശൂലവും വജ്രായുധവും ഒരുക്കിയിരിക്കുകയാണ് നോയിഡ ആസ്ഥാനമായുള്ള കമ്പനി.

രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന ത്രിശൂലവും വജ്രായുധവും ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകും. കിഴക്കന്‍ ലഡാക്കില്‍ നടന്ന ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ ചൈനീസ് സൈന്യം പ്രാകൃതമായ രീതിയില്‍ കമ്പിവടികളും ടേസറുകളുമാണ് ഉപയോഗിച്ചിരുന്നത്. തോക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന കരാര്‍ നിലനില്‍ക്കുന്നതിനാലാണ് ചൈനീസ് പട്ടാളം വടികള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

ഇതിനെ ചെറുക്കാന്‍ ത്രാണിയുളള ആയുധങ്ങളാണ് ഇന്ത്യന്‍ സൈന്യത്തിന് നല്‍കുക. പരമശിവന്റെ ത്രിശൂലത്തെയും ഇന്ദ്രന്റെ വജ്രായുധത്തേയും പ്രതിഫലിപ്പിക്കുന്നതാണ് ഈ ആയുധങ്ങള്‍. ശത്രുക്കള്‍ക്ക് ഇലക്ട്രിക് ഷോക്ക് നല്‍കുന്നതിന് വേണ്ടിയാണ് വജ്ര നിര്‍മ്മിച്ചിരിക്കുന്നത്. ഒരറ്റത്ത് കൂര്‍ത്ത മുനയുള്ള മെറ്റല്‍ റോഡ് ടേസറാണിത്. ശത്രുക്കളെ ആക്രമിക്കാനും അവരുടെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ടയറ് പഞ്ചാറാക്കാനും വജ്ര ഉപയോഗപ്പെടുത്താം. നിരോധിത പ്രദേശങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന എതിരാളിയുടെ വാഹനത്തെ തടയാനാണ് തൃശൂല്‍ ഉപയോഗിക്കുന്നത്.

വൈദ്യുതി പ്രസരിപ്പിക്കാന്‍ സാധിക്കുന്ന സാപ്പര്‍ പഞ്ചാണ് ഈ ആയുധങ്ങളിലെല്ലാം മുന്നില്‍ നില്‍ക്കുന്നത്. കൊടും തണുപ്പില്‍ നിന്നും രക്ഷനേടാനുള്ള ഗ്ലൗസുകളായി ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ് സാപ്പര്‍ പഞ്ചുകള്‍. എന്നാല്‍ ശത്രു അടുത്തെത്തിയാല്‍ ഇവയെ ഇലക്ട്രിക് ഷോക്ക് നല്‍കുന്ന ടേസറുകളാക്കി മാറ്റാന്‍ സാധിക്കും. ഇതോടെ ചൈനയ്ക്ക് അവരുടെ രീതിയില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം തയാറായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button