മമതയെ വകവരുത്താനുള്ള ഗൂഡാലോചനയെന്ന് തൃണമൂല്‍ ; അന്വേഷണം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റാലിക്കിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ നടന്ന ആക്രമണത്തെ കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചു. ഡെറക് ഒബ്രിയന്‍, ശാന്തനു സെന്‍ സൗഗത റോയ്, കക്കോലി ഘോഷ് ദസ്തിദാര്‍, ശതാബ്ദി റോയ്, പ്രതിമ മൊണ്ടാല്‍, എന്നിവരാണ് ഡല്‍ഹി നിര്‍വചന്‍ സദസ്സിലെത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചത്.
മമതയെ വകവരുത്താനുള്ള ഗൂഡാലോചനയാണ് നന്ദിഗ്രാമില്‍ നടന്നതെന്ന് നേതാക്കള്‍ ആരോപിച്ചു ., അക്രമം അഴിച്ചുവിടാന്‍ ബിജെപി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സാമൂഹിക വിരുദ്ധരെ നന്ദിഗ്രാമില്‍ എത്തിച്ചതായും പറഞ്ഞു. വോട്ടെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പശ്ചിമ ബംഗാളിലെ ക്രമസമാധാന പാലന ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കമീഷന് ഒഴി ഞ്ഞുമാറാനാവില്ലെന്നും എം.പിമാര്‍ അഭിപ്രായപ്പെട്ടു .
ബുധനാഴ്ച നന്ദിഗ്രാമില്‍ നടന്ന പ്രചാരണ റാലിക്കിടെയാണ് മമതക്ക് നേരെ കൈയ്യേറ്റ ശ്രമം നടന്നത്. അതെ സമയം രാജ്യത്തെ ഏക വനിത മുഖ്യമന്ത്രിയായ മമത ബാനര്‍ജിക്ക് നേരെ നടന്ന അക്രമത്തില്‍ എല്ലാവരും ആശങ്ക പ്രകടിപ്പിച്ചിട്ടും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം പാലിക്കുകയാണെന്ന് തൃണമൂല്‍ നേതാവ് പാര്‍ത്ഥ ചാറ്റര്‍ജി ആരോപിച്ചു .