CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ഉന്നതരിലേക്കുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ദുബായിലേക്ക്, റിവേഴ്‌സ് ഹവാലയിൽ രണ്ട് മലയാളി സ്രാവുകൾ, വേണ്ടി വന്നാൽ പാസ്പോർട്ട് റദ്ദാക്കി ഇന്ത്യയിലേക്ക് കൊണ്ടുവരും.

തിരുവനന്തപുരം / സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴിയിൽ പറയുന്ന ഉന്നതരിലേക്കുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ദുബായിലേക്ക്. സംസ്ഥാനത്ത് പ്രമുഖ പദവികളിലുള്ള ചില ഉന്നതർ സ്വർണക്കടത്ത് കേസ് പ്രതികളുമായി ചേർന്നു നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണമാണ് ദുബായിയിൽ കേന്ദ്ര ഏജൻസികൾ നടത്തുക.സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴിയിൽ കേരളത്തിലെ ചില ഉന്നതർക്ക് സ്വർണക്കടത്തിൽ പങ്കുള്ളതായി പറഞ്ഞിട്ടുണ്ട്. ഇവരിലേക്ക് കേസന്വേഷണം തിരിയുന്നത് സ്വര്‍ണക്കടത്ത് കേസിൾ കേരളം ഉറ്റുനോക്കുകയാണ്. ഇക്കാര്യത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ കോടതി രേഖപ്പെടുത്തിയ സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴി എന്‍ഫോഴ്സ്മെന്‍റിന് കൈമാറാന്‍ കസ്റ്റംസ് വിസമ്മതിച്ചിരുന്നു.

പ്രമുഖ പദവിയിലിരിക്കുന്ന നേതാവിന്റെ പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നു സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും കസ്റ്റംസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ദുബായിലുള്ള രണ്ടു മലയാളികൾക്കുള്ള പങ്ക് ഇക്കാര്യത്തിൽ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി ദുബായിലെത്തിച്ച ഡോളർ ഏറ്റുവാങ്ങിയത് ഇവരാണെന്ന് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഷാർജയിലും ദുബായിലും വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ നിക്ഷേപം നടത്താനുള്ള ഇടനിലക്കാർ ഇവരാണെന്ന വിവരവും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ചില വിദ്യാഭ്യാസ സംരംഭങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദുബായിലുളള ഇരുവരോടും ചോദ്യംചെയ്യലിനു കേരളത്തിലെത്താൻ വിദേശകാര്യ വകുപ്പ് വഴി ആവശ്യപെടുന്നുണ്ട്. ഇതിനായുള്ള നടപടി ഏതെങ്കിലും കാരണവശാൽ താമസിച്ചാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ ദുബായിലേക്കു പോകുന്നതാണ്. കസ്റ്റംസിന്റെയും ഇഡിയുടെയും സംയുക്ത നീക്കമാണ് ഇതിലുള്ളത്. ഇവരുടെ പങ്കിനെപ്പറ്റി കൂടുതൽ അന്വേഷണം ആവശ്യമായി വന്നാൽ പാസ്പോർട്ട് റദ്ദാക്കി ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരും.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ തുകയായ 3.15 കോടി രൂപയുമായി വിദേശത്തേക്ക് കടന്ന യുഎഇ കോൺസുലേ റ്റിലെ മുൻ അക്കൗണ്ട്സ് ഓഫിസർ ഈജിപ്റ്റ് പൗരൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ മറ്റൊരുവശത്ത് നടന്നുവരുകയാണ്. കോൺസുലേറ്റിലുണ്ടായിരുന്ന മറ്റു ചില ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തേടാൻ വിദേശകാര്യ വകുപ്പിന്റെ അനുമതിക്കും കസ്റ്റംസ് കത്തു നൽകിക്കഴിഞ്ഞു. ലൈഫ് മിഷനിലെ കമ്മിഷൻ തുക മാത്രമല്ല ഡോളറാക്കി കടത്തിയതെന്നു സ്വപ്നയുടെയും സരിത്തിന്റെയും വെളിപ്പെടുത്തലിൽ നിന്ന് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്. വൻതോതിൽ റിവേഴ്സ് ഹവാല ഇടപാടിലൂടെയും പ്രമുഖരുടെ പണം ഡോളറാക്കി ദുബായി ലെത്തിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button