മുല്ലപ്പെരിയാറിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് വൈകീട്ട് തുറക്കും; തീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് വൈകിട്ട് തുറക്കും. നിലവില്‍ തുറന്നിരിക്കുന്ന മൂന്ന് ഷട്ടര്‍ കൂടാതെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് അറിയിച്ചത്. സെക്കന്റില്‍ 2099 ഘനയടി വെള്ളം ഒഴുക്കും. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
ജില്ല ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. രാത്രി അണക്കെട്ട് തുറക്കുന്നതിനെതിരെ കേരളം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തമിഴ്‌നാട് ഇന്നും വൈകിട്ട് കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് തുറക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഡോ. ജോ ജോസഫ് സത്യവാങ്മൂലം നല്‍കി.
ജനങ്ങളുടെ ആശങ്ക സുപ്രീംകോടതിയുടെ മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നല്‍കിയത്. രാത്രി സമയങ്ങളില്‍ മുന്നറിയിപ്പ് പോലും നല്‍കാതെ തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളം തുറന്നുവിടുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ്മൂലത്തിലെ ആവശ്യം.
അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മേല്‍നോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടല്‍ വേണമെന്നും മേല്‍നോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് തുടര്‍ച്ചയായി രാത്രി വെള്ളം തുറന്നുവിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സുപ്രീംകോടതിയെ ഇന്ന് തന്നെ പരാതി അറിയിക്കുമെന്ന ജലവിഭവമന്ത്രിയുടെ പ്രഖ്യാപനവും നടന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വരി പ്രസ്താവന പോലും ഇറക്കിയിട്ടുമില്ല.