കെപിസിസി പുനഃസംഘടന: പട്ടികയിലേക്ക് കൂടുതല്‍ യുവാക്കളെ കൊണ്ടുവരണമെന്ന് ഹൈക്കമാന്റ്
ദില്ലി: ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയിലേക്ക് കൂടുതല്‍ യുവാക്കളെ കൊണ്ടുവരണമെന്ന് ഹൈക്കമാന്റ്. കൂടിയാലോചനയില്ലാതെയാണ് പട്ടിക നല്‍കിയതെന്ന് ആരോപണവുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രംഗത്തെത്തി. പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് നീക്കമെന്നും നേതാക്കള്‍ ആരോപിച്ചു. കടുത്ത പ്രതിഷേധവുമായാണ് ഇരുവരും രംഗത്ത് വന്നത്.
ദില്ലിയില്‍ കെപിസിസി നേതാക്കള്‍ കെപിസിസി, ഡിസിസി പുനഃസംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എംപി രാഹുല്‍ ഗാന്ധിയെ കാണുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമാണ് കൂടിക്കാഴ്ചയ്ക്കായി ദില്ലിയില്‍ എത്തിയിരിക്കുന്നത്.
പി ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഗ്രൂപ്പ് നോക്കാതെ പ്രവര്‍ത്തന മികവ് മാത്രം 14 ഡിസിസി കളിലും കണക്കിലെടുത്ത് മാത്രമായിരിക്കും അധ്യക്ഷന്മാരെ തീരുമാനിക്കുക എന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം. പുതിയ ഭാരവാഹികളെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കാനാണ് സാധ്യത.