ഇന്ന് ഫ്രീഡം ഡേ; പ്രഖ്യാപനവുമായി യു.കെ
ലണ്ടന്‍: യുകെ യില്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്ന ഇന്ന് രാജ്യത്ത് ‘ഫ്രീഡം ഡേ’ ആയി പ്രഖ്യാപിച്ചിരിക്കുന്നു.
ഇതുവരെ തുറക്കാന്‍ നിയന്ത്രണങ്ങളുണ്ടായിരുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്നു മുതല്‍ തുറക്കാം. പൊതുസ്ഥലത്ത് മാസ്ക് നിര്‍ബന്ധമല്ല, പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളും ഇന്നവസാനിക്കും.
അതേ സമയം, രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ എല്ലാം തുറന്നുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, പ്രായപൂര്‍ത്തിയായവരില്‍ 67.8% രണ്ടു ഡോസും വാക്സീനും 87.8% ഒരു ഡോസും വാക്സീന് സ്വീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം കഠിനമാകില്ല എന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ.
കോവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കമുണ്ടായവര്‍ക്ക് ഐസലേഷന്‍ ഒഴിവാക്കുന്ന പൈലറ്റ് പദ്ധതി പ്രകാരം ക്വാറന്റീന് വേണ്ടെന്നു വയ്ക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു എന്നാല്‍ പ്രതിഷേധം ശക്തമായതോടെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
അതേസമയം 2 ഡോസ് വാക്സീനുമെടുത്ത ആരോഗ്യമന്ത്രി സാജിദ് ജാവിദിന് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായിരുന്നു. ഇതിന് പുറകേ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ധനമന്ത്രി ഋഷി സുനകും ഐസലേഷനിലാണ്. എന്നിട്ടും രാജ്യത്ത് നിയന്ത്രണം വേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.