Kerala NewsLatest News

ശിവശങ്കരൻ രഹസ്യമായി പറന്നത് 14 തവണ; കസ്റ്റംസിന് കൂടുതൽ തെളിവുകൾ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെശിവശങ്കരൻ രഹസ്യമായി വിദേശയാത്ര നടത്തിയത് പതിനാലു തവണ.ഔദ്യോഗിക പദവിയിൽ ഇരിക്കുന്ന ഒരാൾ സ്വകാര്യ പാസ്പോർട്ട് ഉപയോഗിച്ച് വിദേശ പര്യടനം നടത്തിയതിൽ നിന്ന് തുടങ്ങുന്ന ദുരുഹത അ യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ വരെ നിഴലിക്കുന്നുണ്ട്. സ്വകാര്യ പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു എം.ശിവശങ്കർ വിദേശ യാത്രകൾ നടത്തിയതെന്നു കസ്റ്റംസിനു തെളിവു ലഭിച്ചു. ഇക്കൂട്ടത്തിലെ ഔദ്യോഗിക യാത്രകൾക്കു പോലും സ്വകാര്യ പാസ്പോർട്ടാണ് ഉപയോഗിച്ചത്. ഇതിനെ പിന്തുടർന്ന് ശിവശങ്കരൻ നടത്തിയ കൂടിക്കാഴ്ച്ചകൾ, യാത്രയുടെ ഉദ്ദേശം തുടങ്ങിയവയും അന്വേഷണ സംഘം പരിശോധിക്കും.

ഐഎഎസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യാത്രകൾക്ക് ഔദ്യോഗിക പാസ്പോർട്ടാണ് ഉപയോഗിക്കാറുള്ളത്. ഐഎഎസ്, ഐപിഎസ് കേഡറുകളിലുൾപ്പെടെയുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗിക ആവശ്യങ്ങൾക്കു നടത്തുന്ന വിദേശ യാത്രകൾക്കായാണ് ഔദ്യോഗിക പാസ്പോർട്ട് അനുവദിക്കുന്നത്. വെള്ള നിറത്തിലുള്ള ഇത്തരം പാസ്പോർട്ടുള്ളവർക്ക് വിദേശത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി എന്ന പരിഗണന ലഭിക്കും. അതേസമയം, ഔദ്യോഗിക കാര്യങ്ങൾക്കു മാത്രമേ ഇത്തരം യാത്രകളിൽ അനുമതിയുള്ളൂ. വിനോദ, വാണിജ്യ പരിപാടികളിലൊന്നും പങ്കെടുക്കരുത്. ഈ വ്യവസ്ഥകൾ നിലവിലുള്ളതിനാലാവണം ശിവശങ്കർ സ്വകാര്യ പാസ്പോർട്ടിൽ യാത്രകൾ നടത്തിയത്. യാത്രയുടെ ദുരൂഹത വർധിപ്പിക്കുന്നതും ഈ നടപടിയാണ്.
ഈ സാഹചര്യത്തിലാണ് ശിവശങ്കറിൻ്റെ വിദേശ യാത്രകൾ വിശദമായി അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ സംയുക്ത നീക്കമാരംഭിച്ചത്.
യാത്രകളിലേറെയും ദുബായിലേക്കായിരുന്നു. ഇവയ്ക്ക് ആരാണ് അനുമതി നൽകിയതെന്നും അവിടെ ആരെയൊക്കെ കണ്ടെന്നും അന്വേഷിക്കുന്നുണ്ട്. 14 യാത്രകളിൽ ആറെണ്ണത്തിലും സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഒപ്പമുണ്ടായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. ഇരുവരും ഒരുമിച്ചു വേറെയും യാത്രകൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കും.

ലൈഫ് മിഷൻ ഇടപാടിലെ കമ്മിഷൻ, സ്വർണക്കടത്ത് എന്നിവ വഴി ലഭിച്ച കോടിക്കണക്കിനു രൂപ ഡോളറാക്കി സ്വപ്ന ദുബായിലേക്കു കൊണ്ടുപോയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. 1.90 ലക്ഷം ഡോളർ (ഏകദേശം 1.38 കോടി രൂപ) കൊണ്ടുപോയെന്നു സ്വപ്ന തന്നെ അന്വേഷണ ഏജൻസികളോടു സമ്മതിച്ചിരുന്നു. തുക കടത്തലിന് നയതന്ത്ര ചാനലും എം.ശിവശങ്കറിന്റെ സ്വാധീനവും ഉപയോഗിച്ചുവെന്നുമാണു അന്വേഷണ സംഘം നിരീക്ഷിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ‘ഫെമ’ കേസിൽ കസ്റ്റംസ്ശിവശങ്കറെയും പ്രതി ചേർത്തേക്കും.

ഇതുവരെ നടന്ന ചോദ്യം ചെയ്യലുകളിൽ ഒന്നിനോടും കൃത്യമായ പ്രതികരണം ശിവശങ്കറിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. തെളിവു കാണിച്ച ചോദ്യങ്ങൾക്കു മാത്രമേ ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയിട്ടുള്ളൂ. മറ്റു ചോദ്യങ്ങൾക്ക്, ‘അറിയില്ല’ എന്നായിരുന്നു മറുപടി. ഇൗന്തപ്പഴ വിതരണം താനെടുത്ത തീരുമാനമാണെന്നും താൻ പറഞ്ഞത് പ്രകാരമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതെന്നുമായിരുന്നു ശിവശങ്കർ അറിയിച്ചത്. ഇത് അന്വേഷണ ഏജൻസികൾ മുഖവിലക്കെടുത്തിട്ടില്ല. ചില ചോദ്യങ്ങൾക്കുള്ള മറുപടി ആരെയോ രക്ഷിക്കാൻ ശ്രമിക്കുന്ന തരത്തിലായിരുന്നു. ഇൗ ചോദ്യങ്ങൾക്കു കൂടുതൽ വ്യക്തമായ ഉത്തരം അന്വേഷണ ഏജൻസികൾ തേടും. ലൈഫ് മിഷൻ കരാറിലും സിബിഐ അന്വേഷണം ശിവശങ്കറിലേക്കാണ് എത്തുന്നത്. സർക്കാറിനുമേൽ നിലവിൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ എല്ലാം ശിവശങ്കരൻ്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് സൂചനകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button