അധോലോക കുറ്റവാളി ഛോട്ടാ രാജന് എയിംസിൽ ചികിത്സ; സിദ്ദീഖ് കാപ്പന് നീതി നിഷേധം
ന്യൂ ഡെൽഹി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കൊറോണ ചികിത്സക്കായി ഡെൽഹി എയിംസിലേക്ക് മാറ്റണമെന്ന ഹർജിയെ കേന്ദ്ര സർക്കാർ എതിർത്ത അതേ ദിവസം തന്നെ കൊറോണ ചികിത്സക്കായി അധോലോക കുറ്റവാളി ഛോട്ടാ രാജന് എയിംസിൽ ചികിത്സ. ഹഥ്‌റാസിലേക്ക് പോകാൻ ശ്രമിച്ചെന്ന ഒരേയൊരു ‘കുറ്റ’ത്തിന്റെ പേരിൽ യുപി സർക്കാർ ജയിലിലടച്ച കാപ്പന് നീതി നിഷേധിക്കുമ്പോഴാണ് കൊലാപാതകവും പണം തട്ടലും ഉൾപ്പെടെ 70-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായി തിഹാർ ജയിലിൽ കഴിയുന്ന ഛോട്ടാ രാജന് എയിംസിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്.
കാപ്പനെ ഡെൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന പത്രപ്രവർത്തക യൂണിയന്റെ ആവശ്യത്തെ കേന്ദ്രം സുപ്രീം കോടതിയിൽ എതിർക്കുകയായിരുന്നു. യൂണിയന്റെ ഹർജി നിലനിൽക്കില്ലെന്ന് വാദിച്ചാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ഇടപെടൽ. കാപ്പന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കാപ്പനെ ഡെൽഹിയിലേക്ക് മാറ്റണമെന്നാണ് ഭാര്യയും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകവും നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിനിടയിലാണ് ഛോട്ടാരാജന് എയിംസിൽ ചികിത്സ ഉറപ്പാക്കിയുള്ള ഇരട്ടത്താപ്പ് നയം പുറത്തുവരുന്നത്. ഛോട്ടാരാജനെ എയിംസിൽ പ്രവേശിപ്പിച്ചതിന് എതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്. രാജ്യത്തെ സാധാരണ ജനങ്ങൾ ഒരു ആശുപത്രി കിടക്കക്ക് വേണ്ടി ബുദ്ധിമുട്ടുമ്പോൾ കൊടും കുറ്റവാളിക്ക് വിദഗ്ധ ചികിത്സ നൽകുന്നതിനെ എതിർത്ത് ട്വിറ്ററിലും മറ്റും പ്രതിഷേധം കനക്കുകയാണ്.