അച്ചടിച്ച ബാലറ്റുകളുടെ കണക്ക് തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
തിരുവനന്തപുരം: തപാല്‍ വോട്ടില്‍ കൃത്രിമം നടന്നുവെന്ന ആരോപണം ഉയരുന്നതിനെതിരെ അച്ചടിച്ച ബാലറ്റുകളുടെ കണക്ക് തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥ്, കൊല്ലം സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ, പുനലൂരിലെ സ്ഥാനാര്‍ത്ഥി അബ്ദുറഹിമാന്‍ രണ്ടത്താണി, വര്‍ക്കല സ്ഥാനാര്‍ത്ഥി ബിആര്‍എം ഷഫീര്‍, കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ള എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഈ മണ്ഡലങ്ങളില്‍ തപാല്‍ വോട്ടിന് അപേക്ഷിച്ചവരുടേയും അച്ചടിച്ച ബാലറ്റുകളുടേയും വിതരണം ചെയ്തവയുടേയും കൃത്യമായ വിവരം കൈമാറണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ബാലറ്റ് പേപ്പറുകളുടെ സീരിയല്‍ നമ്ബര്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ നല്‍കണമെന്നും സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷകരുടെ എണ്ണം, അച്ചടിച്ച ബാലറ്റുകളുടെ എണ്ണം, വിതരണം ചെയ്തവയുടെ എണ്ണം, അച്ചടിക്കാന്‍ ചുമതലപ്പെടുത്തിയ ഓഫീസര്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറണനെന്നും സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില സ്ഥാനാര്‍ത്ഥികള്‍ ജില്ലാ കളക്ടര്‍മാര്‍ക്കൊപ്പം പരാതി നല്‍കിയിട്ടുണ്ട്.