മലയാളികള്‍ക്ക് പുണ്യമായി ഒരു ഗുരുവായൂരപ്പ വിളക്ക്
പയ്യന്നൂര്‍: ലക്ഷ്മി വിളക്കുകള്‍ നമ്മുടെ കേരളീയര്‍ക്ക് പരിചയമാണ്. എന്നാല്‍ ഗുരുവായൂരപ്പന്റെ പൂര്‍ണരൂപം കൊത്തിയ വിളക്ക് മലയാളികള്‍ക്ക് അത്ഭുതമായിരിക്കുകയാണ്. വെങ്കല ലോഹക്കൂട്ടിലാണ് ഗുരുവായൂരപ്പന്റെ പൂര്‍ണരൂപം ഉള്‍ക്കൊള്ളുന്ന വിളക്ക് ഒരു ശില്‍പി രൂപകല്‍പന ചെയ്തിരിക്കുന്നത്. ചിത്രന്‍ കുഞ്ഞിമംഗലമാണ് ആദ്യമായി ഗുരുവായൂരപ്പന്റെ വിളക്ക് കണ്ണൂരിലെ ദമ്പതികള്‍ക്കായി രൂപകല്‍പന ചെയ്‌തെടുത്തിരിക്കുന്നത്.
ശംഖ്, ചക്രം, ഗദ, പദ്മത്തോടുകൂടി വനമാലയണിഞ്ഞ് ആലവട്ടത്തോടുകൂടിയുള്ളതാണ് ഭഗവാന്റെ രൂപം. അലങ്കാരമണിഞ്ഞ ആനകള്‍ രണ്ടുഭാഗത്തുനിന്നും അഭിഷേകം നടത്തുന്നതും മുകളില്‍ കമാനാകൃതിയില്‍ മയില്‍പ്പീലികളുമടങ്ങുന്നതാണ് വിളക്കിന്റെ രൂപം. താമരദളങ്ങളെ സൂചിപ്പിക്കുന്ന വിധത്തിലാണ് താഴത്തെ തട്ടിന്റെ ആകൃതി. രണ്ട് ഭാഗങ്ങളിലായി വ്യാളീരൂപങ്ങളുമുണ്ട്. രണ്ട് മയിലുകള്‍ വിളക്കിനെ വായുവിലേക്ക് ഉയര്‍ത്തിനില്‍ക്കുന്ന രീതിയില്‍ ചങ്ങലയോടുകൂടിയാണ് മുകള്‍ഭാഗം നിര്‍മിച്ചിരിക്കുന്നത്. ശൈവസാന്നിധ്യം സൂചിപ്പിച്ച് ഓങ്കാരരൂപവും വിളക്കില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
മഹാഭാഗവതം, നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് വിളക്കിന്റെ രൂപകല്പന. തികച്ചും വ്യത്യസ്തമായ ഈ വിളക്ക് കുഞ്ഞിമംഗലത്തെ പരമ്പരാഗത ലോഹക്കൂട്ട് ഉപയോഗിച്ചാണ് നിര്‍മിച്ചത്. മെഴുകില്‍ രൂപങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും മണ്ണില്‍ കരുവുണ്ടാക്കി കൃത്യമായ അളവില്‍ ചൂടാക്കിയശേഷം ഉലയിലെ മൂശയില്‍ തിളച്ച ലോഹക്കൂട്ട് കൊണ്ടാണ് വിളക്ക് വാര്‍ത്തെടുത്തത് എന്നാണ് ശില്‍പി വിളക്കിനെക്കുറിച്ച് പറയുന്നത്. എട്ടുമാസത്തോളമെടുത്താണ് 46 ഇഞ്ച് ഉയരവും ഏകദേശം പത്തു കിലോ ഭാരവുമുള്ള വിളക്ക് ഉണ്ടാക്കിയെടുത്തത്.