പൊലീസ് കസറ്റഡിയില്‍, തൂത്തുക്കുടിയിൽ അച്ഛനും മകനും കൊല്ലപ്പെട്ടു, പ്രതിഷേധം കനക്കുന്നു.
NewsNationalCrimeObituary

പൊലീസ് കസറ്റഡിയില്‍, തൂത്തുക്കുടിയിൽ അച്ഛനും മകനും കൊല്ലപ്പെട്ടു, പ്രതിഷേധം കനക്കുന്നു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പൊലീസ് കസറ്റഡിയില്‍ മർദനമുറകളെ തുടർന്ന് അച്ഛനും മകനും കൊല്ലപ്പെട്ടു. തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് അച്ഛനും മകനും ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. തൂത്തുക്കുടിയില്‍ മൊബൈല്‍ കട നടത്തുന്ന ജയരാജ് 63, മകന്‍ ജെ. ബെനിക്‌സ് 31മാണ് കൊല്ലപ്പെട്ടത്. മകൻ തിങ്കളാഴ്ച വൈകിട്ടും, അച്ഛൻ ചൊവ്വാഴ്ചയുമാണ് കോവിൽപ്പട്ടി ആശുപത്രിയിൽ മരണപ്പെടുന്നത്. ക്രൂരമായ മര്‍ദ്ദനമാണ് ഇവര്‍ക്ക് ഏറ്റതെന്നും സ്വകാര്യഭാഗങ്ങളിലടക്കം കമ്പി കയറ്റിയും മറ്റും പോലീസ് അക്രമം കാട്ടിയെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ശേഷവും ഇവര്‍ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ശരീരത്ത് നിരവധി പരിക്കുകളുടെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തില്‍ തമിഴ്‌നാട്ടിൽ പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുകയാണ്.

മൊബൈല്‍ കട നടത്തുന്ന ജയരാജനെ ലോക്ഡൗണ്‍ ലംഘിച്ച് കടതുറന്നെന്ന് ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അച്ഛനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞ് ബെനിക്‌സ് വിവരം അന്വേഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു എന്നാണു ബന്ധുക്കൾ പറയുന്നത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഇരുവരേയും സ്‌റ്റേഷനില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്ന് ഒരു ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അച്ഛനെയും, മകനെയും തുടർച്ചയായി ആക്രമിക്കുന്നത് കണ്ട്, അവസാനിപ്പിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്നും പക്ഷേ പോലീസ് കേട്ടില്ലെന്നും നിരവധി വലിയ ദണ്ഡുകളാണ് അവിടെയുണ്ടായിരുന്നതെന്നും ചാനൽ വാർത്തയിൽ പറയുന്നുണ്ട്.

ആശുപത്രിയിലെത്തിച്ച മകൻ ബെന്നിക്‌സിന്റെ ലുങ്കി ചോരയില്‍ മുങ്ങിയിരുന്നു. നിരവധി തവണയാണ് വസ്ത്രം മാറ്റേണ്ടി വന്നത്. വലിയ രക്തസ്രാവമാണ് ഉണ്ടായത് എന്ന് അഭിഭാഷകനായ രവിചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. അച്ഛനും, മകനുമെതിരെ സെക്ഷന്‍ 188, 383 , 503 എന്നീ വകുപ്പുകളായിരുന്നു ചുമത്തിയത്. ശനിയാഴ്ചയാണ് ഇവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നത്. തുടർന്ന് പിന്നീട് പത്ത് മണിക്കൂറിന്റെ വ്യത്യാസത്തിൽ ഇരുവരും മരണപ്പെടുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് ബെനിക്‌സിന്റെ മരണകാരണമെന്ന് പൊലീസ് പറഞ്ഞു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ജയരാജ് മരണപ്പെടുന്നത്. ഇരുവരുടേയും മരണത്തിന് പിന്നാലെ വലിയ പ്രതിഷേധവമായി തൂത്തുക്കുടിയിൽ നാട്ടുകാര്‍ രംഗത്തെത്തി. പൊലീസ് ക്രൂരതയാണ് മരണത്തിന് കാരണമെന്നും അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുകയാണ്.

Related Articles

Post Your Comments

Back to top button