അനധികൃത സ്ഥാനക്കയറ്റം: യോഗ്യതയില്ലാത്തവരെ തരംതാഴ്ത്തി
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ എന്‍ജീനീയറിംഗ് കോളേജുകളില്‍ വേണ്ടത്ര യോഗ്യതയില്ലാത്ത സ്ഥാനക്കയറ്റം നല്‍കിയ അധ്യാപകരെ തരംതാഴ്ത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേതാണ് ഉത്തരവ്. സ്ഥാനക്കയറ്റം റദ്ദാക്കപ്പെട്ടവരില്‍ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറും ഉള്‍പ്പെടുന്നു. എഐസിടിഇ വ്യവസ്ഥകളും സുപ്രീംകോടതി വിധിയും മാനിച്ചാണ് സ്ഥാനക്കയറ്റം റദ്ദാക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
സാങ്കേതിക സര്‍വകലാശാല വിസിയും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും ഉള്‍പ്പെടെയുള്ള 18 അധ്യാപകര്‍ക്ക് നേരത്തെ പ്രിന്‍സപ്പല്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. എഐസിടിഇ മാനദണ്ഡങ്ങള്‍ അനുസരിച്ച് പിഎച്ച്ഡി നിര്‍ബന്ധമാണണെന്ന നിബന്ധന പാലിക്കാതെ സ്ഥാനക്കയറ്റം നല്‍കിയെന്നതായിരുന്നു ഉയര്‍ന്ന പരാതി. ഇതിനെതിരെ പിഎച്ച്ഡി യോഗ്യതയുള്ള ഒരുകൂട്ടം അധ്യാപകര്‍ കോടതിയെ സമീപിച്ചു. സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി കിട്ടുകയും ചെയ്തു.
തുടര്‍ന്നാണ് യോഗ്യരായ 43 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനും 18 പേരുടെ സ്ഥാനക്കയറ്റം റദ്ദാക്കാനും തീരുമാനമെടുത്തത്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. സിഎജി റിപ്പോര്‍ട്ടിലും സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍ എഐസിടിഇ യോഗ്യതകളില്ലാതെ അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നതായും അവര്‍ക്ക് അനര്‍ഹമായ സ്ഥാനക്കയറ്റം നല്‍കിയതായും പരാമര്‍ശമുണ്ട്. 961 അധ്യാപകര്‍ ഇങ്ങനെ ഉയര്‍ന്ന തസ്തികളിലെത്തിയെന്നും സിഎജി കണ്ടെത്തി.