“മൂന്ന് ദിവസത്തെ കഠിന പരിശോധനയിൽ പാരീസിലെ തന്റെ ഇല്ലാത്ത ബംഗ്ലാവും ബംഗ്ലാവിന്റെ താക്കോലും അഞ്ചു കോടി ഇടപാടിന്റെ രസീതും ഉദ്യോഗസ്ഥർക്ക് കിട്ടി”; സർക്കാരിനെതിരേ കടുത്ത പരിഹാസവുമായി താപ്‍സി

മുംബൈ : കേന്ദ്രസർക്കാരിന്റെ ആദായ നികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച് നടി തപ്‌സി പന്നുവിന്റെ ട്വീറ്റ്. തപ്‌സിയുടെ ട്വീറ്റ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. മൂന്ന് ദിവസത്തെ കഠിന പരിശോധനയിൽ പാരീസിലെ തന്റെ ഇല്ലാത്ത ബംഗ്ലാവും ബംഗ്ലാവിന്റെ താക്കോലും അഞ്ചു കോടി ഇടപാടിന്റെ രസീതും ഉദ്യോഗസ്ഥർക്ക് കിട്ടിയെന്നാണ് തപ്‌സി കേന്ദ്രസർക്കാരിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
മൂന്ന് ദിവസത്തെ കഠിന പരിശോധനയുടെ മൂന്ന് പ്രാഥമിക കണ്ടെത്തലുകൾ എന്ന് പറഞ്ഞു കൊണ്ട് മൂന്ന് പരിഹാസ ട്വീറ്റുകലാണ് തപ്‌സി പങ്കുവെച്ചത്.
- പാരീസിൽ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന ബംഗ്ലാവിന്റെ താക്കോൽ. കാരണം വേനലവധി അടുത്തല്ലോ.
- ഞാൻ നിഷേധിച്ചുവെന്ന കാരണത്താൽ എന്നെ ഫ്രെയിം ചെയ്യാനായി സൃഷ്ടിച്ച അഞ്ചു കോടിയുടെ രസീത്
- ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞതുകൊണ്ട് മാത്രം ഞാനറിഞ്ഞ 2013ൽ ഞാൻ നേരിട്ടുവെന്ന പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്
എന്നിങ്ങനെ തനിക്ക് നേരെയുണ്ടായ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന തരത്തിൽ സർക്കാരിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് താപ്‌സി ട്വീറ്റ് ചെയ്തത്. മാർച്ച് മൂന്നിനാണ് തപ്‌സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ഉടമസ്ഥതയിലുള്ള ഓഫീസുകളിലും വീടുകളിലും ഇൻകംടാക്‌സ് റെയ്ഡ് നടത്തിയത്.
സർക്കാരിനെതിരേയുള്ള വിമർശനങ്ങൾ അഴിച്ചുവിട്ടതിനാണ് തപ്‌സി പന്നുവും അനുരാഗ് കശ്യപും റെയ്ഡുകൾ നേരിടുന്നതെന്ന ആരോപണവും കേന്ദ്രസർക്കാർ നേരിടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനായി 2013ൽ തപ്‌സി യുടെ വീട് റെയ്ഡ് ചെയ്തിരുന്നു എന്ന ആരോപണവുമായി നിർമലാ സീതാരാമൻ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് മൂന്നാമത്തെ ട്വീറ്റിലൂടെ തപ്‌സി നൽകിയത്.
കങ്കണയുടെ വിലകുറഞ്ഞ കോപ്പിയാണ് തപ്‌സി എന്ന് രണ്ട് വർഷം മുമ്പ് കങ്കണയുടെ സഹോദരി രംഗോലി ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഇത്രവലിയ റെയ്ഡുകളൊക്കെ നേരിടേണ്ടി വന്നതിനാൽ ഇനി താൻ അത്ര വിലകുറഞ്ഞയാളല്ല എന്ന പരിഹസവും തപ്‌സി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.